മീനച്ചിലാർ പുനർജനി: കരക്കെത്തിച്ചത്​ 1500 ലോഡ് മണലും 800 ലോഡ് മണ്ണും

ഈരാറ്റുപേട്ട: മണലും മാലിന്യവും അടിഞ്ഞ് ഒഴുകാൻ ഇടയില്ലാതെ നാടിനെ പ്രളയത്തിൽ മുക്കുന്ന മീനച്ചിലാറിന് ഇനി പുനർജനിയുടെ കാലം. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'റൂം ഫോർ റിവറി‍ൻെറ' ഭാഗമായി നടപ്പാക്കിയ പദ്ധതി കഴിഞ്ഞ 12ന് മന്ത്രി റോഷി അഗസ്റ്റിനാണ് ഉദ്ഘാടനം ചെയ്തത്. ശുചീകരണ പ്രവർത്തനങ്ങൾ ഒരാഴ്ച പിന്നിടുമ്പോൾ 1500 ലധികം ലോഡ് മണലും 800 ലോഡ് മണ്ണും 500 ലോഡ് ചളിയുമാണ് കരക്കെത്തിയത്. ആറ്​ ജെ.സി.ബിയും 20ലധികം ടിപ്പറും അതിലേറെ സന്നദ്ധ പ്രവർത്തകരും ഇടതടവില്ലാതെ മീനച്ചിലാർ ശുചീകരണത്തിന്​ പ്രവർത്തിക്കുന്നുണ്ട്. നഗരസഭയുടെ കിഴക്കൻ അതിർത്തിയായ കാരക്കാട് ഭാഗം മുതൽ അൽ മനാർ സ്കൂൾ വരെ കാരക്കാട്, ഈലക്കയം, അൽമനാർ എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ചാണ് ശുചീകരണം. ശേഖരിക്കുന്ന മണലുകൾ മൂന്നിടത്തായാണ് സംഭരിക്കുന്നത്. എന്നാൽ, സംഭരണ കേന്ദ്രങ്ങളെല്ലാം ഇതിനോടകം നിറഞ്ഞു. ഇത് മാറ്റിയാൽ മാത്രമേ ശുചീകരണ പ്രവർത്തനങ്ങൾ തുടരാൻ കഴിയൂ. റവന്യൂ ഡിപ്പാർട്മെന്‍റി‍ൻെറ മണ്ണ് പരിശോധന കഴിഞ്ഞാലുടൻ ലേലംചെയ്യാൻ കഴിയും. അതോടൊപ്പം തന്നെ ആറുവശത്തെ പാഴ്മരങ്ങളും പടവുകളും വള്ളികളും ഇതോടൊപ്പം നീക്കും. വേനൽക്കാലത്ത് എത്താവുന്ന ഏറ്റവും താഴ്ന്ന ജലനിരപ്പ് മുതൽ നദിയിലൂടെ വർഷകാലത്ത് ഒഴുകിയെത്താവുന്ന പരമാവധി ജലപ്രവാഹത്തി‍ൻെറ വരെ കണക്കെടുത്ത ശേഷമാണ് മീനച്ചിലാർ പുനർജനി പദ്ധതി നടപ്പാക്കുന്നത്. മീനച്ചിലാറ്റിലെ നിലവിലെ ജലനിരപ്പിനെക്കാള്‍ ഒരാള്‍ പൊക്കത്തില്‍ വരെയാണ് പലയിടത്തും മണ്ണും ചളിയും എക്കലും മണലുമടക്കം തുരുത്തുകളായി രൂപപ്പെട്ടിരിക്കുന്നത്. 20 ലക്ഷത്തോളം രൂപ ഇതിനകം നഗരസഭ പദ്ധതിക്ക് ചെലവഴിച്ചിട്ടുണ്ട്. തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ലേലതുക വേണം ഉപയാഗിക്കാൻ. പടം മീനച്ചിലാറ്റിൽനിന്ന്​ എടുത്ത മണലും മണ്ണും ചളിയും സംഭരണകേന്ദ്രത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.