ഇടുക്കിയിൽനിന്ന്​ ഒഴുക്കുന്നത്​ 1.11 കോടി യൂനിറ്റ്​ വൈദ്യുതിക്കുള്ള വെള്ളം

മൂലമറ്റം: ഇടുക്കി അണക്കെട്ടിലെ മൂന്ന്​ ഷട്ടറുകൾ വഴി പുറത്തേക്ക്​ ഒഴുക്കുന്നത്​ 1.11 കോടി യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം. ഞായറാഴ്ച രാവിലെ 10 മുതൽ തിങ്കളാഴ്ച രാവിലെ ആറുവരെയുള്ള കണക്കാണിത്. നിലവിലെ ശരാശരി വിലയായ നാല്​ രൂപ നിരക്കിൽ കണക്കാക്കിയാൽ ഇത്രയും വൈദ്യുതിക്ക്​ 4.46 കോടി വില വരും. ഞായറാഴ്ച രാവിലെ 10ന്​ മൂന്നാം നമ്പർ ഷട്ടർ ഉയർത്തി സെക്കൻഡിൽ 50,000 ലിറ്റർ ജലമാണ് പുറത്തേക്ക്​ ഒഴുക്കിയത്​. ഇത് വൈകീട്ട്​ 4.20 വരെ തുടർന്നു. ശേഷം അഞ്ചുവരെ 75,000 ലിറ്റർ ജലം തുറന്ന് വിട്ടു. അഞ്ച്​ മുതൽ ഒഴുക്കിക്കളയുന്നത് സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ ജലമാണ്. ഇത് രണ്ട്​ ലക്ഷം വരെ ആക്കി ഉയർത്താനും സാധ്യതയുണ്ട്​. ജലനിരപ്പ് ഉയർന്നതോടെ മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദനം പരമാവധിയാണ്. ഞായറാഴ്ച രാവിലെ എട്ട്​ വരെയുള്ള കണക്കുപ്രകാരം മൂലമറ്റം വൈദ്യുതി നിലയത്തിൽ 17 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. അറ്റകുറ്റപ്പണി പുനരാരംഭിക്കാത്തതിനാൽ ആറ്​ ജനറേറ്ററും പൂർണതോതിൽ പ്രവർത്തിപ്പിക്കുന്നുണ്ട്. ആഗസ്റ്റ്​ ഏഴുവരെ ഇടുക്കി അണക്കെട്ടിൽ 369.498 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.