lead വാണിജ്യാടിസ്ഥാനത്തിൽ നിർമാണം ആരംഭിക്കുന്നതിന് ഇനിയും കാലതാമസമെടുത്തേക്കാം കോട്ടയം: സംസ്ഥാന സർക്കാർ ഏറ്റെടുത്ത കേരള പേപ്പർ പ്രൊഡക്ട് ലിമിറ്റഡിൽ (കെ.പി.പി.എൽ-പഴയ എച്ച്.എൻ.എൽ) ന്യൂസ് പേപ്പർ ഉൽപാദനത്തിനുള്ള പവർബോയ്ലറിന്റെ അറ്റകുറ്റപ്പണി തിങ്കളാഴ്ച പൂർത്തിയാകും. തൊട്ടടുത്ത ദിവസം തന്നെ ട്രയൽ റൺ നടത്തി ന്യൂസ് പേപ്പർ ഉൽപാദിപ്പിച്ചുനോക്കും. ട്രയൽ റൺ വിജയകരമായാൽ ഉദ്ഘാടനം നടത്തി ഉൽപാദനം തുടങ്ങാനാകും. ഫാക്ടറിയിലെ പതിനഞ്ചോളം പ്ലാന്‍റുകളിൽ പവർ ബോയ്ലർ ഒന്നിന്‍റെ(പി.ബി -ഒന്ന് )അറ്റകുറ്റപ്പണിയാണ് പൂർത്തിയാകുന്നത്. മൂന്നു പവർബോയ്ലറുകളും ഒരു റിക്കവറി പ്ലാന്‍റ് ബോയ്ലറുമാണുള്ളത്. ബോയ്ലർ പ്രവർത്തിപ്പിച്ച് ഡീ ഇങ്കിങ് പ്ലാന്‍റ് വഴി മഷികളഞ്ഞ് പേപ്പർ പൾപ്പാക്കിമാറ്റും. അതുപയോഗിച്ചാണ് കടലാസ് നിർമിക്കുക. അസംസ്കൃത വസ്തുവായി ഉപയോഗിക്കാൻ പഴയ ന്യൂസ് പേപ്പറുകളും വൈറ്റ് കട്ടിങ്ങും കഴിഞ്ഞയാഴ്ച എത്തിച്ചിരുന്നു. തടി ഇല്ല. രണ്ടുമണിക്കൂർ ട്രയൽ റൺ നടത്തുന്നതിനുള്ള പേപ്പർ മാത്രമേ ഉള്ളൂ. മറ്റു പ്ലാന്‍റുകളുടെയും യന്ത്രങ്ങളുടെയും അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്. ചില പ്ലാന്‍റുകളുടെ പണി തുടങ്ങിയിട്ടില്ല. ബോയ്ലർ പ്ലാന്‍റിന്‍റെ സ്റ്റീം ട്രയലും പേപ്പർ മെഷീൻ ട്രയലും നേരത്തേ വിജയകരമായി പൂർത്തിയാക്കിയിരുന്നു. തിങ്കളാഴ്ച കേരള റബർ ലിമിറ്റഡിന് തറക്കല്ലിടാൻ വ്യവസായ മന്ത്രി പി. രാജീവ് വെള്ളൂരിൽ എത്തുന്നുണ്ട്. അദ്ദേഹത്തിന്‍റെ സാന്നിധ്യത്തിൽ അറ്റകുറ്റപ്പണികളുടെ പുരോഗതി വിലയിരുത്തി ട്രയൽറൺ തീയതി തീരുമാനിക്കും. വാണിജ്യാടിസ്ഥാനത്തിൽ നിർമാണം ആരംഭിക്കുന്നതിന് ഇനിയും കാലതാമസമെടുത്തേക്കാം. കൂടുതൽ അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുകയും മറ്റു യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കുകയും വേണം. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം പ്രതിബന്ധമായി മുന്നിലുണ്ട്. കമ്പനിയിലെ പൂട്ടിക്കിടന്ന കാന്‍റീൻ പ്രവർത്തനം തുടങ്ങി. കുടുംബശ്രീയാണ് ഏറ്റെടുത്തുനടത്തുന്നത്. നിലവിൽ ഉച്ചക്കുമാത്രമേ ഭക്ഷണം നൽകുന്നുള്ളൂ. വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് കമ്പനി കേന്ദ്രസർക്കാറിൽനിന്ന് ബാധ്യതകൾ തീർത്താണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. തുടർന്ന് കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡാക്കി പുനഃസംഘടിപ്പിച്ച് കഴിഞ്ഞ ജനുവരിയിലാണ് പ്രവർത്തനം ആരംഭിച്ചത്. ഒന്നാംഘട്ടത്തിന് 34.30 കോടി രൂപയും രണ്ടാംഘട്ടത്തിന് 44.94കോടിയും വകയിരുത്തിയിട്ടുണ്ട്. നാലുഘട്ടങ്ങളായി പുനരുജ്ജീവന പ്രവർത്തനങ്ങൾ പൂർത്തിയാക്കും. ട്രയൽ റൺ വിജയിച്ചാൽ ജില്ലയുടെ വ്യാവസായിക ചരിത്രത്തിൽ വൻ നാഴികക്കല്ലാകും. കേരള റബർ ലിമിറ്റഡ് ശിലാസ്ഥാപനം ഇന്ന് കോട്ടയം: കേരള റബർ ലിമിറ്റഡിന്‍റെ ശിലാസ്ഥാപനം തിങ്കളാഴ്ച ഉച്ചക്ക് 12ന് വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്റ്റ്‌സ് ലിമിറ്റഡ് അങ്കണത്തിൽ നടക്കും. മന്ത്രി പി. രാജീവ് ശിലാസ്ഥാപനം നിർവഹിക്കും. കേരള ന്യൂസ് പ്രിന്‍റ് എംപ്ലോയീസ് റിക്രിയേഷൻ ക്ലബിൽ നടക്കുന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ അധ്യക്ഷതവഹിക്കും. തോമസ് ചാഴികാടൻ എം.പി, അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, കെ.ആർ.എൽ ചെയർപേഴ്‌സൻ ഷീല തോമസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, റബർ ബോർഡ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ, കെ.എസ്.ഐ.ഡി.സി എം.ഡി എം.ജി. രാജമാണിക്യം, കലക്ടർ ഡോ. പി.കെ. ജയശ്രീ എന്നിവർ പങ്കെടുക്കും. KTL KPPL- കേരള പേപ്പർ പ്രൊഡ്ക്ട് ലിമിറ്റഡിൽ യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.