മിനി എം.സി.എഫ് നിർമാണത്തിൽ അഴിമതി: മന്ത്രിക്കും വിജിലൻസിനും പരാതി നൽകി

വൈക്കം: നഗരസഭയിലെ 26 വാർഡിലും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ സ്ഥാപിച്ച മിനി എം.സി.എഫ് നിർമാണത്തിലെ അഴിമതിക്കെതിരെ എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടി മന്ത്രിക്കും വിജിലൻസിനും പരാതി നൽകി. 2020-21ലെ തൊഴിലുറപ്പ്, ശുചിത്വ മിഷൻ പദ്ധതികൾ സംയുക്തമായി നൽകുന്ന ഫണ്ട് വിനിയോഗിച്ച്​ സ്ഥാപിച്ച ഇരുമ്പുകൂട് നിർമാണത്തിലും ടെൻഡർ ക്ഷണിച്ചതിലും യു.ഡി.എഫ് ഭരണസമിതി ഗുരുതര ക്രമക്കേട് നടത്തിയെന്നാണ്​ ആരോപണം. പ്ലാസ്റ്റിക് മാലിന്യസംസ്കരണത്തിന്‍റെ ഭാഗമായാണ് വൈക്കം നഗരസഭയിലെ വീടുകളിൽനിന്ന്​ പ്ലാസ്റ്റിക് ശേഖരിച്ച് സ്റ്റോക് ചെയ്യാനാണ് ഓരോ വാർഡിലും എം.സി.എഫ് സ്ഥാപിക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചത്. എന്നാൽ, നിശ്ചയിച്ച മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽപറത്തിയാണ് നിർമാണം നടന്നത്. 66,737രൂപ പ്രകാരം 26 വാർഡിലേക്കും 13 തൊഴിൽദിനങ്ങൾ ഉൾപ്പെടെ രേഖപ്പെടുത്തിയ ബോർഡ് ആദ്യ ഉദ്ഘാടനം നടന്ന അഞ്ചാം വാർഡിൽ സ്ഥാപിച്ചിരുന്നു. എന്നാൽ, എൽ.ഡി.എഫ് ആരോപണം ഉന്നയിച്ചതോടെ ഇത് 62,737 രൂപയാക്കി കുറക്കുകയും തൊഴിൽദിനങ്ങൾ ഒഴിവാക്കി ബോർഡ് സ്ഥാപിക്കുകയും ചെയ്തു. പദ്ധതിക്ക്​ ഇ-ടെൻഡർ ക്ഷണിച്ചില്ല. ടെൻഡർ ക്ഷണിച്ചപ്പോൾ രണ്ടുപേർ മാത്രമാണ്​ പങ്കെടുത്തത്​​. വ്യത്യസ്ത വാർഡുകളിൽ രണ്ട് തുകയാണ്​ ക്വോട്ട് ചെയ്തതത്​. എസ്റ്റിമേറ്റ് പ്രകാരം ഇരുമ്പ് കൂടിന് 267 കിലോ തൂക്കം വേണം. എന്നാൽ സ്ഥാപിച്ചവക്ക്​ 160 കിലോയാണ്​ തൂക്കം. പണി പൂർത്തീകരിക്കുന്നതിന് മുമ്പ് തന്നെ 90 ശതമാനം തുക കൈമാറിയെന്ന്​ ഉൾപ്പെടെ നിരവധി ആരോപണങ്ങളാണ് യു.ഡി.എഫ് ഭരണസമിതിക്ക് നേരെ ഉയരുന്നത്. തട്ടിപ്പിന് നേതൃത്വം നൽകിയ ഭരണമുന്നണി രാജിവെക്കണമെന്നും പങ്കുള്ള ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടി യോഗം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.