ഗുണനിലവാരമില്ലാത്ത വഴിപാട് സാധന വിതരണം: കരാറുകാരനെതിരെ നടപടിയെടുക്കണമെന്ന്​ ഹൈകോടതി

കൊച്ചി: വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഗുണനിലവാരമില്ലാത്ത വഴിപാട് സാധനങ്ങൾ വിതരണം ചെയ്ത കരാറുകാരനെതിരെ കർശന നടപടിയെടുക്കണമെന്ന്​ ഹൈകോടതി. ക്ഷേത്രത്തിലേക്ക്​ ഇത്തരം സാധനങ്ങൾ നൽകുന്നവർക്കെതിരെയും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്ന്​ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ ഉത്തരവിട്ടു. ഭക്തർക്ക് ഉണങ്ങിയ കൂവളമാല വിതരണം ചെയ്യുന്നുവെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കോടതി സ്വമേധയ സ്വീകരിച്ച ഹരജിയാണ്​ പരിഗണിച്ചത്​. ഗുണനിലവാരമില്ലാത്ത വഴിപാട് സാധനങ്ങൾ വിതരണം ചെയ്ത കരാറുകാരനെതിരെ ഒരു മാസത്തിനകം നടപടി സ്വീകരിക്കാനാണ്​ നിർദേശം. വഴിപാട് സാധനങ്ങളുടെ വിതരണത്തിനായുള്ള ലേലം നടക്കുന്നതുവരെ കൂവളമാല ദേവസ്വം നേരിട്ട് വിതരണം ചെയ്യണം. നാലമ്പലത്തിലും പൂജാ സാധനങ്ങൾ വിൽക്കുന്ന കൗണ്ടറിന് സമീപവും രണ്ട് മാസത്തിനുള്ളിൽ സി.സി.ടി.വി കാമറ സ്ഥാപിക്കണം. നാലമ്പലത്തിൽ ദേവസ്വം ജീവനക്കാരനെ മാത്രമേ നിയോഗിക്കാവൂ എന്ന നിർദേശം കർശനമായി നടപ്പാക്കുകയും അധികം ലഭിക്കുന്ന വഴിപാട് സാധനങ്ങളുടെ കണക്ക് കൃത്യമായി സൂക്ഷിക്കുകയും വേണം. അധികമായി ലഭിക്കുന്ന വഴിപാട് സാധനങ്ങൾ ലേലം ചെയ്യുകയോ മറ്റ് ക്ഷേത്രങ്ങളുടെ ആവശ്യത്തിന്​ ഉപയോഗിക്കുകയോ ചെയ്യാം. ഇക്കാര്യത്തിൽ ബോർഡ്​ രണ്ടുമാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.