വിഷുനിറവ്​, ആഘോഷം

കോട്ടയം: വിഷു ആ​ഘോഷനിറവിൽ ജില്ല. കണിയൊരുക്കിയും കൈനീട്ടം നൽകിയും ഒത്തുചേർന്നും ജില്ലയിലെങ്ങും വിഷു ആഘോഷം. ​അടച്ചിടലും ഒത്തുകൂടലിന്‍റെ തടസ്സവും നീങ്ങിയതോടെ വീട്ടകങ്ങളിലെല്ലാം സന്തോഷം നിറച്ചാണ്​ ആഘോഷം. ക്ഷേത്രങ്ങളിലും തിരക്ക്​ അനുഭവപ്പെടുന്നുണ്ട്​. വിഷുക്കണി തേടിയെത്തിയവരാൽ വ്യാഴാഴ്ച വിപണികളും സജീവമായിരുന്നു. കണിവസ്തുക്കളും പുതുവസ്ത്രങ്ങള്‍ വാങ്ങാനുമെല്ലാം വന്‍ തിരക്കാണ്​ കോട്ടയം നഗരത്തില്‍ അനുഭവപ്പെടുന്നത്. കണിവെള്ളരിക്ക് ഇത്തവണ 30-40 രൂപയാണ്. മൊത്തവ്യാപാരത്തില്‍ 18-25 രൂപവരെ വെള്ളരിക്ക്​ വിലയുണ്ട്. നാടന്‍വെള്ളരിക്കു പുറമെ മൈസൂരുവില്‍നിന്നുമുള്ള കണിവെള്ളരികളുമുണ്ട്. കണിവെക്കാനുള്ള ചക്കയും വിപണിയിലെത്തി 20 രൂപയാണ്​ വില. സഹകരണ വകുപ്പ്​ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ ഫെഡും പ്രാഥമിക സഹകരണ സംഘങ്ങളും മുഖേന സംഘടിപ്പിക്കുന്ന വിഷു, ഈസ്റ്റര്‍, റമദാന്‍ വിപണിയുടെ 12 മുതല്‍ 18വരെ പ്രവര്‍ത്തിക്കുന്ന വിപണിയില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ 50 ശതമാനം സബ്‌സിഡി നിരക്കില്‍ ലഭിക്കും. കണ്‍സ്യൂമര്‍ ഫെഡിന്റെ ജില്ലയിലെ 62 വില്പന കേന്ദ്രങ്ങളില്‍ ഈ സേവനം ലഭ്യമാണ്. കൂടാതെ മറ്റ് അവശ്യവസ്തുക്കള്‍ക്ക് 15വരെ വിലക്കുറവുണ്ടായിരിക്കും. കൊന്നപ്പൂ വിൽപനയും നഗരത്തിൽ സജീവമായിരുന്നു. ഇത്തവണ മാര്‍ച്ച് അവസാനംതന്നെ ജില്ലയില്‍ കണിക്കൊന്നകള്‍ പൂത്തുതുടങ്ങിയിരുന്നു. എന്നാൽ, കാർഷിക സമൃദ്ധിയുടെ വിഷു ഇത്തവണ ഒരുവിഭാഗം കർഷകർക്ക്​ കണ്ണീരാണ്​ സമ്മാനിക്കുന്നത്​. നെല്ല്​ കർഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിളവെടുപ്പ് വേനല്‍ മഴയില്‍ തകര്‍ന്നടിഞ്ഞ അവസ്ഥയാണ്. പാടശേഖരങ്ങള്‍ പലതും ഇപ്പോഴും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.