ട്രയൽ റൺ: സത്രം എയർ സ്​ട്രിപ്പിൽ വിമാനം ഇറക്കാനായില്ല

കുമളി: വണ്ടിപ്പെരിയാർ മഞ്ചുമല സത്രം എയർ സ്​ട്രിപ്പിൽ എൻ.സി.സി പരിശീലന വിമാനം വെള്ളിയാഴ്ച പരീക്ഷണ പറക്കൽ നടത്തിയെങ്കിലും ഇറക്കാനായില്ല. പ്രതികൂല സാഹചര്യവും സുരക്ഷാ കാരണങ്ങളും മൂലമാണ്​ അഞ്ചുതവണ താഴ്ന്ന്​ പറന്നിട്ടും വിമാനം ഇറക്കാൻ കഴിയാതിരുന്നത്​. 15 ദിവസത്തിനുശേഷം വീണ്ടും ട്രയല്‍ റണ്‍ നടത്തുമെന്ന് എൻ.സി.സി ഡയറക്ടര്‍ കേണല്‍ എസ്. ഫ്രാന്‍സിസ് അറിയിച്ചു. കൊച്ചിയില്‍നിന്ന്​ പുറപ്പെട്ട വൈ.എസ്.ഡബ്ല്യു എന്ന ചെറുവിമാനം വെള്ളിയാഴ്ച രാവിലെ 10.34ഓടെ എയർ സ്​ട്രിപ്പിന്​ മുകളില്‍ വട്ടമിട്ട്​ പറന്നു. എന്നാൽ, ഇറക്കാനുള്ള​ ശ്രമം പരാജയപ്പെട്ടു. വിമാനത്താവളത്തിന്​ സമീപത്തെ മണ്‍തിട്ട നീക്കിയാലെ വിമാനം സുരക്ഷിതമായി ഇറക്കാനാകൂവെന്ന്​ എൻ.സി.സി അധികൃതർ അറിയിച്ചു. രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന എൻ.സി.സിയുടെ ഏറ്റവും പുതിയ മോഡല്‍ ചെറുവിമാനമാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ന്യൂഡല്‍ഹിയില്‍നിന്ന്​ എയര്‍ഫോഴ്സിന്‍റെ ടെക്നിക്കല്‍ ട്രയല്‍ ലാന്‍ഡിങ്​ കം എയര്‍ ഓഡിറ്റ് ടീമാണ് പരീക്ഷണ പറക്കലിന് നേതൃത്വം നല്‍കിയത്. സര്‍ക്കാറിന്‍റെ 100ദിന കർമ പരിപാടിയോടനുബന്ധിച്ച് മുഖ്യമന്ത്രി പരിശീലന വിമാനത്തിന്‍റെ ലാന്‍ഡിങ്​ ഉദ്ഘാടനം ചെയ്യുമെന്ന് വാഴൂര്‍ സോമന്‍ എം.എൽ.എ പറഞ്ഞു. തടസ്സങ്ങളെല്ലാം സമയബന്ധിതമായി നീക്കുമെന്നും അദ്ദേഹം അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് രാജ്യത്ത് ആദ്യമായാണ് എയർ സ്​ട്രിപ് നിർമിക്കുന്നത്. ആദ്യഘട്ടത്തില്‍ 650 മീറ്റര്‍ റണ്‍വേ, 1200 ചതുരശ്രയടി ഹാങ്​ഗർ, നാല്​ പരിശീലന വിമാനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം, കമാന്‍ഡിങ് ഓഫിസറുടെ ഓഫിസ്​, ടെക്നിക്കല്‍ റൂം, പരിശീലനത്തിന് എത്തുന്ന കാഡറ്റുകള്‍ക്ക് താമസസൗകര്യം എന്നിവയാണ്​ ഒരുക്കിയത്​. എന്‍.സി.സി ആവശ്യപ്രകാരം സംസ്ഥാന സര്‍ക്കാര്‍ എയര്‍ സ്ട്രിപ്​ നിര്‍മാണത്തിന്​ 12 ഏക്കര്‍ സ്ഥലം അനുവദിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഓരോ വര്‍ഷവും സംസ്ഥാനത്തെ തെരഞ്ഞെടുത്ത 1000 എയര്‍വിങ്​ എന്‍.സി.സി കാഡറ്റുകള്‍ക്ക് സൗജന്യമായി ചെറുവിമാനം പറത്താൻ പരിശീലനം നല്‍കുന്ന വിധത്തിലാണ് എയര്‍ സ്ട്രിപ് നിർമാണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.