ഐ.എൻ.ടി.യു.സി കോൺഗ്രസിന്‍റെ പോഷകസംഘടനയല്ല, അവിഭാജ്യഘടകം -വി.ഡി. സതീശൻ

-പ്രതിഷേധത്തിനുപിന്നിൽ കുത്തിത്തിരിപ്പ്​ സംഘമെന്നും വിമർശനം കോട്ടയം: ഐ.എൻ.ടി.യു.സി കോൺഗ്രസിന്‍റെ പോഷകസംഘടനയല്ലെന്ന്​ ആവർത്തിച്ച്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. ചങ്ങനാശ്ശേരിയിലെ പ്രതിഷേധത്തിന്​ പിന്നിൽ കുത്തിത്തിരിപ്പ്​ സംഘമാണ്; എന്തെങ്കിലും വീണുകിട്ടാൻ കാത്തിരിക്കുന്നവരാണ്​. ഒന്നും കിട്ടിയില്ലെങ്കിൽ സമൂഹമാധ്യമത്തിലൂടെ പ്രചാരണം നടത്തും. കെ.പി.സി.സി പ്രസിഡന്‍റിനോട്​ ആലോചിച്ചാണ്​ താൻ ഐ.എൻ.ടി.യു.സി വിഷയത്തിൽ നിലപാട്​ പറഞ്ഞതെന്നും അദ്ദേഹം കോട്ടയത്ത്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. ഐ.എൻ.ടി.യു.സിയുമായി ബന്ധ​പ്പെട്ട്​ താൻ​ പറഞ്ഞത്​ തിരുത്തേണ്ട ആവശ്യമില്ല. അവർ കോൺഗ്രസുമായി സഹകരിച്ച്​ പ്രവർത്തിക്കുന്ന സംഘടനയാണ്​. കോൺഗ്രസിന്‍റെ അവിഭാജ്യഘടകവുമാണ്​. അവിഭാജ്യസംഘടനയും പോഷകസംഘടനയും രണ്ടാണ്​. ഐ.എൻ.ടി.യു.സി അഖിലേന്ത്യ പ്രസിഡന്‍റോ സംസ്ഥാന പ്രസിഡ​ന്‍റോ പോഷകസംഘടനയാണെന്ന്​ പറഞ്ഞിട്ടുണ്ടോ. അവർക്ക്​ സ്വന്തമായി തെര​ഞ്ഞെടുപ്പും മറ്റ്​ സംവിധാനങ്ങളുമുണ്ട്​. അതിന്‍റെ നേതാക്കൾ കോൺഗ്രസുകാരാണ്​. താൻ അവരെ തള്ളിപ്പറഞ്ഞിട്ടില്ല. ഐ.എൻ.ടി.യു.സിയുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന വിവിധ ട്രേഡ്​ യൂനിയനുകളുടെ നേതാവ്​ കൂടിയാണ്​ ഞാൻ. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ്​ ആർ. ചന്ദ്രശേഖരനും അവിഭാജ്യ സംഘടനയാണെന്നാണ്​ പറഞ്ഞത്​. അതാണ്​ തന്‍റെയും നിലപാട്​. പണിമുടക്കിനോടനുബന്ധിച്ചുള്ള അക്രമത്തെ അപലപിക്കുന്നു. ഇക്കാര്യം ചന്ദ്രശേഖരനുമായി സംസാരിച്ചു. അക്രമത്തെ അംഗീകരിക്കുന്നി​ല്ലെന്നാണ്​ അദ്ദേഹവും പറഞ്ഞത്​. അക്രമം സൃഷ്ടിച്ചത്​ സി.ഐ.ടി.യുക്കാരാണ്​. ഐ.എൻ.ടി.യു.സിയെ പ്രതിപക്ഷ നേതാവ്​ തള്ളിപ്പറഞ്ഞെന്നാരോപിച്ച്​ ഒരുവിഭാഗം ഐ.എൻ.ടി.യു.സി പ്രവർത്തകർ വെള്ളിയാഴ്ച ചങ്ങനാശ്ശേരിയിൽ പ്രകടനം നടത്തിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ​ പ്രതികരിക്കേണ്ടതും നടപടിയെടു​ക്കേണ്ടതും പാർട്ടി​ നേതൃത്വമാണെന്ന്​ സതീശൻ പറഞ്ഞു​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.