മനക്കച്ചിറ എ.സി കനാൽ വീണ്ടും പോളയിൽ മുങ്ങി

ചങ്ങനാശ്ശേരി: മനക്കച്ചിറ എ.സി കനാൽ വീണ്ടും പോളയിൽ മുങ്ങി. ലക്ഷങ്ങൾ മുടക്കി കഴിഞ്ഞ വർഷം ഇറിഗേഷൻ വകുപ്പിന്‍റെ നേതൃത്വത്തിൽ ഇവിടുത്തെ പോള പൂർണമായി നീക്കം ചെയ്തിരുന്നു. സംരക്ഷണമില്ലാതായതോടെ വീണ്ടും പോള നിറയുകയായിരുന്നു. പോളക്ക്​ പുറമേ പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്ന സ്ഥിതിയാണ്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്​ സമാന്തരമായി എ.സി കനാലിൽ മനക്കച്ചിറ മുതലാണ് പോള നിറഞ്ഞുകിടക്കുന്നത്​. മനക്കച്ചിറ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിച്ച പവിലിയനുകളും നാശത്തിന്‍റെ വക്കിലാണ്. എ.സി റോഡിന്‍റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മനക്കച്ചിറയിലെ പ്രധാന ഗേറ്റ് ഉൾപ്പെടെ അടഞ്ഞ നിലയിലാണ്. പ്രവേശനഭാഗത്ത് റോഡ് കുഴിച്ച് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇവിടേക്ക്​ സഞ്ചാരികളും എത്തു​ന്നില്ല. ഒരോതവണയും ലക്ഷങ്ങൾ മുടക്കി പോള നീക്കംചെയ്യുമ്പോഴും പ്രശ്നത്തിന്​ ശാശ്വത പരിഹാരം കാണുമെന്ന്​ അധികൃതർ പ്രഖ്യാപിക്കുമെങ്കിലും നടപടിയില്ല. പോള വർധിക്കുന്നതിനുമുമ്പ് നീക്കംചെയ്യുന്നതിനായി ജോലിക്കാ​രനെ നിയമിക്കുമെന്ന്​ പലകുറി വ്യക്ത​തമാക്കിയിരുന്നു. ഇടക്ക്​ ശമ്പള വ്യവസ്ഥയിൽ പോള നീക്കം ചെയ്യുന്നതിന് ആളെ നിയമിക്കുന്നതിനുള്ള ആലോചനകൾ നടന്നു. കനാൽ സംരക്ഷിക്കുമെന്നും വാഗ്ദാനങ്ങൾ നൽകിരുന്നു. എന്നാൽ, ഇതെല്ലാം ജലരേഖയായി. എ.സി കനാലിൽ നടന്നിരുന്ന ചങ്ങനാശ്ശേരി ജലോത്സവത്തിനു മന്നോടിയായി പോള വാരുന്നത്​ പതിവായിരുന്നു. എന്നാൽ, കഴിഞ്ഞ ആറുവർഷമായി ഇത്​ മുടങ്ങിയ നിലയിലാണ്​. പോള നിറയുന്നത്​ സമീപവാസികൾക്കും ദുരിതമാണ്​ സമ്മാനിക്കുന്നത്​. പോളയും പൂവും അഴുകുന്ന കനാലിലെ വെള്ളമാണ് പ്രാഥമികാവശ്യങ്ങൾക്കായി ഇവർ ഉപയോഗിക്കുന്നത്. KTL CHR 2 Ac canal മനക്കച്ചിറ എ.സി കനാലിൽ പോള നിറഞ്ഞപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.