പരിസ്ഥിതി സംരക്ഷണത്തിന് വൃക്ഷവത്​കരണം വ്യാപിപ്പിക്കും -മന്ത്രി

കോട്ടയം: പരിസ്ഥിതി സംരക്ഷണത്തിന് വൃക്ഷവത്​കരണം വ്യാപിപ്പിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. സർക്കാറിന്‍റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി വനംവകുപ്പ് സാമൂഹിക വനവത്​കരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിദ്യാവനം, ഫോറസ്ട്രി ക്ലബ് രൂപവത്​കരണം എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആഗോളതാപനം മൂലം പ്രകൃതിക്കുണ്ടായ മാറ്റങ്ങൾ വലിയ ദുരന്തങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഇവയെ ഫലപ്രദമായി തടയാൻ വൃക്ഷവത്​കരണം വഴി ഒരുപരിധിവരെ സാധിക്കും. വനസമൃദ്ധി വർധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനൊപ്പം മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുന്നതിന് സർക്കാർ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ 28 വിദ്യാവനങ്ങളാണ് പ്രവർത്തിക്കുന്നത്​. ഫോറസ്ട്രി ക്ലബുകൾക്ക് പരിപാലനച്ചുമതല നൽകി വിദ്യാവനങ്ങൾ സംരക്ഷിക്കും. ബന്ധപ്പെട്ട സ്‌കൂളുകളിൽ ഒരു അധ്യാപകന് അല്ലെങ്കിൽ അധ്യാപികക്ക്​ ഇതിന്‍റെ പ്രധാനചുമതല നൽകി പദ്ധതി ശാക്തീകരിക്കും. മൂന്നുമുതൽ അഞ്ചുവർഷം വരെ തൈകൾക്ക് സംരക്ഷണം ഒരുക്കുന്ന പ്രവർത്തനം ഇതുവഴി സാധ്യമാകും. വിദ്യാവനം പദ്ധതി മികച്ച രീതിയിൽ നടപ്പാക്കുന്ന സ്‌കൂളുകൾ തമ്മിൽ മത്സരം സംഘടിപ്പിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. കെ.എഫ്.ഡി.സി ചെയർപേഴ്‌സൻ ലതിക സുഭാഷ്, ഇ. പ്രദീപ് കുമാർ, നഗരസഭാംഗം സിൻസി പാറയിൽ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജോർജി പി. മാത്തച്ചൻ, പി.പി. പ്രമോദ്, എൻ.ടി. സാജൻ, എൻ. രാജേഷ്, അഡ്വ. കെ. അനിൽകുമാർ, സി.കെ. ശശിധരൻ, ബെന്നി മൈലാട്ടൂർ എന്നിവർ പങ്കെടുത്തു. ഫോട്ടോ: KTL FORESTRY വിദ്യാവനം,ഫോറസ്ട്രി ക്ലബ് രൂപവത്​കരണം എന്നിവയുടെ ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.