യു.ഡി.എഫിൽ അവഗണനയെന്ന്​ കാപ്പൻ

കോട്ടയം: യു.ഡി.എഫിൽ അവഗണനയെന്ന്​ മാണി സി. കാപ്പന്‍ എം.എല്‍.എ. യു.ഡി.എഫ്​ വേദികളില്‍ സ്ഥിരമായി തഴയപ്പെടുന്നു. മുന്നണിയിലെ പലകാര്യങ്ങളും തന്നെ അറിയിക്കാറില്ലെന്നും​ കാപ്പന്‍ തുറന്നടിച്ചു. മുട്ടില്‍ മരംമുറി, മാടപ്പള്ളി സംഘങ്ങളില്‍ ഉള്‍പ്പെടുത്തിയില്ല. മാടപ്പള്ളിയില്‍ കെ-റെയില്‍ സമരത്തിന്‍റെ ഭാഗമായി നേതാക്കള്‍ എത്തിയപ്പോള്‍ ജില്ലയിലെ ജനപ്രതിനിധിയെന്ന നിലയില്‍ സ്വാഭാവികമായും തന്നെ വിളിക്കുകയും അറിയിക്കുകയും ചെയ്യേണ്ടതായിരുന്നു. പ്രതിപക്ഷ നേതാവിന് ഫോണിൽ വിളിച്ച് പറയാമായിരുന്നു. എന്നാല്‍, അത് അറിയിച്ചില്ല -മാണി സി. കാപ്പന്‍ പാലായിൽ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. മുട്ടില്‍ മരംമുറി കേസിൽ ഗവര്‍ണറെ പരാതി ബോധിപ്പിക്കാന്‍ പോയ യു.ഡി.എഫ് സംഘത്തിൽ തന്നെ വിളിക്കാത്തതിനെതിരെ പ്രതിപക്ഷ നേതാവിന് പരാതി രേഖാമൂലം നല്‍കി. ഏറ്റവും അടുത്തസ്ഥലങ്ങളില്‍ ഉള്ളവരെ മാത്രമാണ് ഗവർണറെ കാണാന്‍ പോയപ്പോള്‍ വിളിക്കാന്‍ സാധിച്ചുള്ളൂവെന്ന മറുപടിയാണ് ലഭിച്ചത്. മുന്നണിയിൽ സംഘാടനം ഇല്ലാത്തതിനാൽ ആർക്കും ആരെയും എന്തും പറയാവുന്ന അവസ്ഥ. എന്നാൽ, ഇടതുമുന്നണിയിൽ ഇത്തരം പ്രതിസന്ധിയില്ല. രമേശ് ചെന്നിത്തല സർക്കാറിനെതിരെ ആരോപണം ഉന്നയിക്കുമ്പോൾ അത് ഉന്നയിക്കേണ്ടത് താനെന്ന് വി.ഡി. സതീശൻ പറയുന്നു. ഇതെല്ലാം സംഘാടനത്തിന്‍റെ പ്രശ്നമാണ്. യു.ഡി.എഫിലെ പല ഘടകകക്ഷികളും സംതൃപ്തരല്ല. എന്നാൽ, എൽ.ഡി.എഫിലേക്ക് തിരികെ പോകുന്ന പ്രശ്നം ഉദിക്കുന്നില്ല. യു.ഡി.എഫ് തിരുത്തി മുന്നോട്ടു പോകണമെന്നാണ് ആഗ്രഹം - കാപ്പൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.