കേസില്‍ കുടുക്കിയതെന്ന് ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ മുന്‍ മേല്‍ശാന്തി

ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രത്തിലെ ക്രമക്കേടുകളിൽ തനിക്ക്​ പങ്കില്ലെന്ന്​ ആരോപണവിധേയനായ മുന്‍ മേല്‍ശാന്തി കേശവന്‍ സത്യേഷ്. ചിലർ ആവശ്യപ്പെട്ട പണം നൽകാത്തതിന്‍റെ വിരോധമാണ് തനിക്കെതിരെ മോഷണക്കുറ്റവും മറ്റും ചുമത്തി കേസ് നല്‍കിയതിന്​ പിന്നിലെന്നും അദ്ദേഹം പറയുന്നു. ശ്രീകോവിലിനുള്ളിലെ തിരുവാഭരണങ്ങള്‍ എണ്ണത്തിനെണ്ണം ബോധ്യപ്പെട്ടാണ് ഓരോ മേല്‍ശാന്തിയും മൂന്ന് വര്‍ഷത്തേക്ക് ചാര്‍ജെടുക്കുന്നത്. ഇങ്ങനെ തന്നെയാണ് താനും ചാര്‍ജ് ഏറ്റെടുത്തത്. നിത്യേന ശ്രീകോവിലിനുള്ളില്‍ പൂജാദികര്‍മങ്ങള്‍ക്ക്​ പ്രവേശിക്കാനുള്ള അവകാശം മേല്‍ശാന്തിക്കും മേല്‍ശാന്തിയുടെ അഭാവത്തില്‍ നാല് മുട്ടുശാന്തിമാര്‍ക്കും മാത്രമാണ്. ഈ സാഹചര്യത്തില്‍ തിരുവാഭരണങ്ങളുടെ കാര്യത്തില്‍ ഈ അഞ്ചുപേര്‍ക്കും കൂട്ടുത്തരവാദിത്തമാണ് ഉണ്ടാവേണ്ടത്. എന്നാല്‍, സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല കളവ് പോയെന്നും മാറിവെച്ചെന്നും പറഞ്ഞ് കുറ്റം ചാര്‍ത്തിയത് തന്‍റെ പേരില്‍ മാത്രമാണ്. 2021 ജനുവരി 17ന് ശ്രീകോവിലിൽ അഗ്നിബാധ ഉണ്ടായതും മേൽശാന്തിയും കൈസ്ഥാനീയരും ജീവനക്കാരും ചേർന്ന് രണ്ടുമണിക്കൂർ ശ്രമിച്ച് തീ അണച്ചെങ്കിലും അത് പുറംലോകം അറിയാതെ അധികൃതര്‍ ഒതുക്കിവെച്ചു. ഈ സമയത്ത് കേടുപാടുകള്‍ സംഭവിച്ചെന്നു പറയുന്ന തിരുവാഭരണങ്ങള്‍ തന്‍റെ അനുവാദമില്ലാതെ മുട്ടുശാന്തിമാരില്‍നിന്ന്​ അന്നത്തെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ വാങ്ങി കൈവശം സൂക്ഷിച്ചു. എന്തൊക്കെയാണ് നഷ്ടപ്പെട്ടതെന്ന് തന്നെ ഇതുവരെ ബോധ്യപ്പെടുത്തിയിട്ടില്ലെന്നും രേഖാമൂലം ആവശ്യപ്പെട്ടപ്പോള്‍ നാഗപത്തി മാത്രമാണ് തിരിച്ചേല്‍പിച്ചതെന്നും മുന്‍ മേല്‍ശാന്തി പറയുന്നു. 2021 ജൂലൈ ഏഴിന് താന്‍ ചാര്‍ജ് ഒഴിഞ്ഞ് ഒന്നരമാസത്തിനുശേഷമാണ് തന്‍റെ മേല്‍ ആരോപണങ്ങള്‍ ചാര്‍ത്തി വാര്‍ത്ത സൃഷ്ടിച്ചത്​. ഈ ഒന്നര മാസത്തിനുള്ളില്‍ എന്തൊക്കെ തിരിമറികള്‍ നടന്നുവെന്ന് തനിക്കറിവില്ല. തനിക്കെതിരായ വിജിലന്‍സ് റിപ്പോര്‍ട്ടും ദേവസ്വം ബോര്‍ഡിന്‍റെ നടപടികളും ഗൂഢാലോചനയുടെ ഭാഗം തന്നെയാണെന്നും ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കേശവന്‍ സത്യേഷ് പറഞ്ഞു. ക്ഷേത്രത്തിലെ രുദ്രാക്ഷമാല കാണാതായ സംഭവത്തിൽ കേശവന്‍ സത്യേഷ് അടക്കം രണ്ടുപേർ​ക്കെതിരെ ദേവസ്വം വിജിലൻസ്​ നടപടിക്ക്​ ശിപാർശ ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.