സിൽവർ ലൈൻ: പെരുമ്പായിക്കാട് വില്ലേജ്​ ഓഫിസിനു മുന്നിൽ കല്ല്​ സ്ഥാപിച്ച്​ സമരക്കാർ

കോട്ടയം: പാറമ്പുഴ കുഴിയാലിപ്പടിയിൽ സിൽവർ ലൈൻ കല്ലിടലിനെതിരെ നാലാം ദിവസവും പ്രതിഷേധം. റവന്യൂ സംഘം സ്ഥാപിച്ച സർവേക്കല്ലുകൾ സമരക്കാർ പിഴുതെറിഞ്ഞു. തുടർന്ന്​ പെരുമ്പായിക്കാട്​ വില്ലേജ്​ ഓഫിസിനു മുന്നിൽ കല്ല്​ സ്ഥാപിച്ചു. തിങ്കളാഴ്ച മുതലാണ്​ പാറമ്പുഴയിൽ വൻ പൊലീസ്​ സന്നാഹത്തോടെ കല്ലിടാൻ ശ്രമം തുടങ്ങിയത്​. ബുധൻ, വെള്ളി ദിവസങ്ങളിലൊഴികെ അധികൃതർ എത്തിയെങ്കിലും സമരക്കാരുടെ പ്രതി​രോധത്തെ തുടർന്ന്​ മടങ്ങുകയായിരുന്നു. ശനിയാഴ്ച രാവിലെ എട്ടോടെ എത്തിയ സംഘം കല്ലുകൾ സ്ഥാപിക്കാൻ തുടങ്ങി. സമരക്കാരിൽ ചിലർ എത്തിയിരുന്നെങ്കിലും അവരെ പൊലീസ്​​ തടഞ്ഞുവെച്ചു. വിവരമറിഞ്ഞ്​ കൂടുതൽ സമരക്കാർ വന്നപ്പോഴേക്കും 12 കല്ലുകൾ സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ഡി.സി.സി പ്രസിഡന്‍റ്​ നാട്ടകം സുരേഷിന്‍റെയും സമരസമിതി ചെയർമാൻ ബാബു കുട്ടൻചിറയുടെയും നേതൃത്വത്തിൽ നേതാക്കൾ കൂടി എത്തിയതോടെ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തമായി. സർവേക്കല്ലുകൾ പിഴുത്​​, കൊണ്ടുവന്ന വാഹനത്തിൽ തന്നെയിട്ട്​ മടക്കിയയച്ചു. മിലിട്ടറി കാന്‍റീനു സമീപം സ്ഥാപിച്ച കല്ലുകളിൽ ചിലത്​ സമീപത്തെ പാറക്കുളത്തിൽ​ വലിച്ചെറിഞ്ഞു. ഒരെണ്ണം മീനച്ചിലാറ്റിലേക്കും. ഒരു കല്ലുമായി പെരുമ്പായിക്കാട്​ വില്ലേജ്​ ഓഫിസിലേക്കു പോയി. വില്ലേജ്​ ഓഫിസിനു മുന്നിൽ കല്ല്​ സ്ഥാപിച്ച സമരക്കാർ ഏറെ നേരം മുദ്രാവാക്യം വിളിയുമായി പ്രതിഷേധിച്ച ശേഷം പാറമ്പുഴയിലെ സമരപ്പന്തലിലേക്കു മടങ്ങി. വില്ലേജ്​ ഓഫിസിനു മുന്നിലെ കല്ല്​ പിന്നീട്​ പൊലീസ്​ നീക്കി. ഉച്ച​​ക്കുശേഷം പൊലീസും മടങ്ങിയതോടെയാണ്​ രംഗം ശാന്തമായത്​. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കേരള കോൺഗ്രസ്​ ​നേതാവ്​ അഡ്വ. പ്രിൻസ്​ ലൂക്കോസ്, കൗൺസിലർ സാബു മാത്യു, ബി​.ജെ.പി കൗൺസിലർമാർ തുടങ്ങിയവരും​ പ്രതിഷേധത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.