കോട്ടയം: ബസ് പെർമിറ്റിലെ വ്യവസ്ഥകൾ ലംഘിച്ചാൽ പെർമിറ്റ് പിടിച്ചെടുക്കാൻ അധികാരമുണ്ടെങ്കിലും സ്വകാര്യ ബസ് സമരത്തിനെതിരെ അത് പ്രയോഗിക്കാതെ സർക്കാർ. ബസ് നിരക്ക് വർധിപ്പിക്കണമെന്ന അവകാശവാദമുന്നയിക്കാൻ സ്വകാര്യ ബസ് ഉടമകൾക്ക് കഴിയില്ലെന്ന് ഹൈകോടതി ജഡ്ജി കെ.എ. അബ്ദുൽ ഗഫൂർ 1997 സെപ്റ്റംബർ 30ന് വിധിച്ചിരുന്നു. പെർമിറ്റുകൾ കൈവശംവെച്ച് സമരം ചെയ്യാൻ ബസുടമകൾക്ക് അവകാശമില്ല. നഷ്ടമാണെന്ന് തോന്നുന്ന ഉടമകൾ പെർമിറ്റ് മടക്കിനൽകണം. സർവിസ് നടത്താൻ മറ്റാരെങ്കിലും മുന്നോട്ടുവന്നാൽ അവർക്ക് സർക്കാർ പെർമിറ്റ് നൽകണമെന്നും വിധിയിലുണ്ട്. നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ലെങ്കിൽ ഓർഡിനൻസ് അടക്കം ഇറക്കി ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നും സെന്‍റർ ഫോർ കൺസ്യൂമർ എജുക്കേഷൻ നൽകിയ ഹരജിയിൽ ഹൈകോടതി നിർദേശിച്ചിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിൽ നായനാർ സർക്കാറിന്‍റെ കാലത്ത് സ്വകാര്യ ബസ് സമരം നേരിടാൻ പെർമിറ്റ് പിടിച്ചെടുക്കൽ അടക്കമുള്ള നടപടികൾക്ക് തുടക്കമിട്ടിരുന്നു. നികുതിപ്പണത്തിൽനിന്ന് കെ.എസ്.ആർ.ടി.സിക്ക് പ്രതിവർഷം ആയിരം കോടിയിലേറെ സഹായം നൽകുന്ന സർക്കാർ, വൻ തുക നികുതി നൽകുന്ന സ്വകാര്യ ബസ് സർവിസുകൾക്ക് ആനുകൂല്യങ്ങളൊന്നും അനുവദിക്കുന്നില്ല. ഡീസൽ സബ്സിഡിയും നികുതിയിളവും നൽകി സ്വകാര്യ മേഖലയെ താങ്ങിനിർത്താനാവുമെന്ന് ബസുടമകളും ഗതാഗത രംഗത്തെ വിദഗ്ധരും സർക്കാറിന്‍റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. കോവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച സർക്കാർ അതിന്‍റെ പേരിൽ ഉയർത്തിയ ബസ് നിരക്ക് പിൻവലിക്കാനും തയാറല്ല. നിന്നും ഇരുന്നുമായി 60 പേർക്ക് സഞ്ചരിക്കാൻ അനുവാദമുള്ള ബസിൽ 30 പേർ മാത്രമേ കയറാവൂ എന്നായിരുന്നു കോവിഡ് കാലത്തെ നിർദേശം. ഇതിലൂടെയുണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ എട്ടുരൂപ നൽകിയാൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ചിൽനിന്ന് രണ്ടര കിലോമീറ്ററായി കുറച്ചിരുന്നു. നൂറുകണക്കിന് ഓർഡിനറി ബസുകൾ പിൻവലിച്ച കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സമരത്തിന്‍റെ പശ്ചാത്തലത്തിൽ പോലും യാത്രക്ലേശം ഒഴിവാക്കാൻ കൂടുതൽ സർവിസുകൾ തുടങ്ങിയിട്ടില്ല. ലഭ്യമായ ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം കെ.എസ്.ആർ.ടി.സിക്ക് 3724 ഓർഡിനറി ബസുണ്ട്. 1926 സൂപ്പർക്ലാസ് ബസുകൾ, 39 വോൾവോ, സ്കാനിയ ബസുകൾ. 719 കെ.യു.ആർ.ടി.സി ബസുകൾ 10 ഇലക്ട്രിക് വാടക വണ്ടികൾ എന്നിവയടക്കം ആകെ ബസുകളുടെ എണ്ണം 6418 ആണ്. മാർച്ച് 23ന് കെ.എസ്.ആർ.ടി.സി സർവിസിനിറക്കിയത് 3626 എണ്ണം മാത്രമാണ്. ഓടിയത് 12.03 ലക്ഷം കിലോമീറ്ററും. 177 ബസുകൾ വെറുതെകിടക്കുകയാണെന്നും 631 എണ്ണം വർക്ഷോപ്പിലാണെന്നും കണക്കുകൾ പറയുന്നു. ഇവ കൂട്ടിയാൽ കിട്ടുന്നത് 4434 ബസുകൾ മാത്രമാണ്. 1984 ബസുകൾ ഉപയോഗിക്കാനാവാത്ത സ്ഥിതിയിലാണ്. ടയർ അടക്കം അഴിച്ചുമാറ്റിയ ഇവ ഡിസ്ട്രിക്ട് കോമൺ പൂൾ എന്ന പേരിൽ വിവിധയിടങ്ങളിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിൽ 1000 ബസുകൾ ഓർഡിനറിയായി ഓടിയിരുന്നവയാണ്. സ്വകാര്യ ബസ് സമരത്തിൽ ജനം നട്ടംതിരിയുമ്പോഴും ഇവ നിരത്തിലിറക്കാൻ ഗതാഗത സെക്രട്ടറി കൂടിയായ കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകറിന് കഴിഞ്ഞിട്ടില്ല. ഈ മാസം 17 മുതൽ ഒരാഴ്ച കെ.എസ്.ആർ.ടിസിയുടെ നില (തീയതി, ഓടിയ ബസുകൾ, സർവിസ് നടത്തിയ കിലോമീറ്റർ (ലക്ഷത്തിൽ), വെറുതെയിട്ടവ, വർക്ഷോപ്പിലുള്ളവ ക്രമത്തിൽ): മാർച്ച് 17 -3614, 11.96, 79, 692 18 -3591, 11.95, 78, 710 19 -3582, 11.96, 93, 724 20 -2691, 9.73, 970, 734 21 -3691, 12.18, 154, 619 22 -3632, 12.07, 166, 653 23 -3626, 12.03, 177, 631
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.