എം.എൽ.എമാരുടെ ആസ്തി വികസനഫണ്ടിൽനിന്ന്​ പിടിച്ച തുക തിരിച്ചുനൽകണം -വി.ഡി. സതീശൻ

തിരുവനന്തപുരം: കോവിഡ്​ മൂന്നാംതരംഗം നേരിടാൻ എം.എൽ.എമാരുടെ ആസ്തി വികസനഫണ്ടിൽ നിന്ന്​ പിടിച്ച തുക തിരിച്ചുനൽകണമെന്നും ജി.എസ്​.ടിക്ക്​ അനുസൃതമായി നികുതിഭരണ സംവിധാനം പൊളിച്ചെഴുതണമെന്നും പ്രതിപക്ഷനേതാവ്​ വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ബജറ്റ്​ ചർച്ചയിൽ പ​ങ്കെടുക്കുകയായിരുന്നു അദ്ദേഹം. എം.എല്‍.എമാര്‍ക്ക് പ്രതിവര്‍ഷം അനുവദിക്കുന്ന ആസ്തിവികസനഫണ്ടില്‍നിന്ന്​ നാല്​ കോടി രൂപ വീതമാണ്​ കോവിഡ്​ മൂന്നാംതരംഗം നേരിടാൻ പിടിച്ചത്​. 564 കോടി രൂപയാണ് ഇത്തരത്തിൽ സമാഹരിച്ചത്. ഇതില്‍ 36.20 കോടി രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. മൂന്നാം തരംഗം കഴിഞ്ഞ സാഹചര്യത്തില്‍ ചെലവഴിക്കാത്ത ഈ തുക എം.എല്‍.എമാരുടെ ഫണ്ടിലേക്ക് തിരികെ നല്‍കണം. 2016-21 വരെയുള്ള ഒന്നാം പിണറായി സര്‍ക്കാറിന്‍റെ കാലത്ത് 72,608.54 കോടി രൂപയാണ് നികുതി വരുമാനത്തിലെ വീഴ്ച. ഈ വര്‍ഷം അതിനും മുകളിലെത്തും. സംസ്ഥാനത്ത് 2020-21 ല്‍ ആനംസ്റ്റി സ്‌കീം പ്രകാരം ലക്ഷ്യമിട്ടിരുന്നത് 9642.25 കോടി രൂപയുടെ നികുതി കുടിശ്ശികയാണ്. എന്നാല്‍ ലഭിച്ചത് 270.37 കോടി രൂപ മാത്രം. 2017 ജൂലൈ ഒന്ന്​ മുതലാണ് സംസ്ഥാനത്ത് ജി.എസ്.ടി സംവിധാനം നിലവില്‍ വന്നത്. ഇതിന് അനുസൃതമായി നികുതി പിരിവ് ഊര്‍ജിതപ്പെടുത്തുന്നതിന്​ നികുതി വകുപ്പ് പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാറിന്​ ഇതുവരെ കഴിയാത്തതാണ്​ ഈ വരുമാനം ലഭിക്കാതിരിക്കാൻ​ കാരണം. അത്​ പുനഃസംഘടിപ്പിക്കാൻ നടപടി സ്വീകരിക്കണം. ബജറ്റ് പ്രഖ്യാപനങ്ങളില്‍ ആത്മാർഥതയുണ്ടെങ്കില്‍ പദ്ധതികള്‍ നടപ്പാകുന്നുണ്ടോയെന്ന്​ സർക്കാർ പരിശോധിക്കണം. കഴിഞ്ഞതവണത്തെ ബജറ്റിന്‍റെ പെര്‍ഫോമന്‍സ് ഓഡിറ്റ് ചെയ്താല്‍ 30 ശതമാനം മാര്‍ക്ക് പോലും കിട്ടില്ല. മോട്ടോര്‍വാഹന നികുതിയില്‍നിന്നും ഇന്ധന സെസില്‍നിന്നും ലഭിക്കുന്ന സര്‍ക്കാര്‍ വരുമാനം മാത്രമാണ് പ്രധാനമായും കിഫ്ബിയുടെ തിരിച്ചടവിന് വിനിയോഗിക്കുന്നത്. 2021 ജൂണ്‍ 30 വരെ മാത്രം മോട്ടോര്‍ വാഹന നികുതിയായി 5,862 കോടി രൂപ കിഫ്ബിക്ക് നല്‍കിയിട്ടുണ്ട്. എന്നിട്ടും 4,429 കോടി മാത്രമാണ് കിഫ്ബിയില്‍നിന്ന്​ ചെലവഴിച്ചത്. ഇതി​െനക്കാള്‍ വികസനപ്രവര്‍ത്തനം കിഫ്ബി ഇല്ലാതെ നടക്കുമായിരുന്നു. സംസ്ഥാനത്ത് പദ്ധതിവിഹിതം ചെലവഴിക്കുന്നതില്‍ ഗുരുതര വീഴ്ചയാണുണ്ടായത്. ധനകാര്യവകുപ്പിനെ നോക്കുകുത്തിയാക്കിയാണ് ആസൂത്രണത്തില്‍നിന്ന്​ പ്രോജക്ടിലേക്ക് സര്‍ക്കാര്‍ മാറിയതെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി. സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.