കളഞ്ഞുകിട്ടിയ സ്വര്‍ണം പൊലീസിന്​ കൈമാറി വിദ്യാർഥികൾ

പാലാ: അഭിനന്ദനങ്ങൾക്ക്​ നടുവിലായിരുന്നു ചൊവ്വാഴ്ച രാമപുരം സെന്‍റ്​ അഗസ്റ്റിന്‍സ് ഹൈസ്കൂളിലെ തോബിയാസും റോണും. കളഞ്ഞുകിട്ടിയ സ്വര്‍ണം രാമപുരം പൊലീസിൽ ഏൽപിച്ച ഇവർ എല്ലാവരുടെയും സ്നേഹപാത്രമായി. കഴിഞ്ഞദിവസം സ്കൂൾ വാർഷികാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ്​ ഇരുവർക്കും റോഡിൽനിന്ന്​ സ്വർണാഭരണം ലഭിച്ചത്​. സെന്‍റ്​ അഗസ്റ്റിന്‍സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളായിരുന്നു ഇരുവരും. രാമപുരം മൂഴയില്‍ തോമസ് കുര്യന്റെയും രാജിയുടെയും മകനാണ് തോബിയാസ് തോമസ്. വെള്ളിലാപ്പിള്ളി പായിക്കാട് സനില്‍ ജോസിന്റെയും ആല്‍ബിയുടെയും മകനാണ് റോണ്‍. മാതൃകപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച കുട്ടികളെ ചൊവ്വാഴ്ച രാവിലെ സെന്‍റ്​ അഗസ്റ്റ്യൻസ് സ്കൂള്‍ അസംബ്ലിയില്‍ അനുമോദിച്ചു. സ്കൂളിന്റെ വകയായി സ്നേഹസമ്മാനങ്ങള്‍ കൈമാറി. സ്കൂള്‍ മാനേജര്‍ ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ സാബു ജോര്‍ജ്, സീനിയര്‍ അസിസ്റ്റന്‍റ്​ സാബു തോമസ്, ഫാ. ബോബി മാത്യു എന്നിവർ സംസാരിച്ചു. ഇരുവരെയും രാമപുരം പൊലീസും അഭിനന്ദിച്ചു. ഉടമസ്ഥര്‍ അടയാളസഹിതം സമീപിച്ചാല്‍ വിദ്യാർഥികളുടെ സാന്നിധ്യത്തിൽ ആഭരണങ്ങള്‍ കൈമാറുമെന്ന് രാമപുരം എസ്.ഐ പി.എസ്. അരുണ്‍കുമാര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.