കെ-റെയിൽ: വഴിയിൽ ടയറുകൾ കത്തിച്ച്​ പ്രതിരോധിച്ചു

ചെങ്ങന്നൂർ: കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട കല്ലിടലിനും സർവേക്കുമെതിരായ പ്രതിഷേധത്തിന്​ ജനപിന്തുണ വർധിക്കുന്നു. മന്ത്രി സജി ചെറിയാന്‍റെ ഗ്രാമമായ മുളക്കുഴയിൽ ശക്തമായ എതിർപ്പാണ് ഉദ്യോഗസ്ഥ സംഘത്തിന്​ നേരിടേണ്ടി വരുന്നത്. ചൊവ്വാഴ്ച 11-12 വാർഡുകളിലായിരുന്നു കല്ലിടൽ. പൂതംകുന്ന് കോളനിയിലേക്കുള്ള ഏക യാത്രാമാർഗത്തിൽ ടയറുകൾ കത്തിച്ചിട്ട് പൊലീസിനെ പ്രതിരോധിച്ചു. പൂതംകുന്ന് കോളനിക്കുസമീപം സ്ഥാപിച്ച കല്ലുകൾ പിഴുതെറിഞ്ഞു. പ്രദേശത്ത്​ 75 കുടുംബങ്ങളാണ് താമസിക്കുന്നത്. മന്ത്രി സജി ചെറിയാന്‍റെ കൊഴുവല്ലൂരിലെ വീടിനുസമീപത്തെ ഭാഗങ്ങളിലാണ് കല്ലിടൽ നടന്നത്. കോളനിയിലേക്ക്​ കടക്കുന്നതിൽനിന്ന്​ കെ-റെയിൽ ഉദ്യോഗസ്ഥരെയും പൊലീസിനെയും സ്ത്രീകളടക്കമുള്ളവരെത്തി പ്രതിരോധിച്ചു. കോളനിവാസികൾ വഴിയിൽ ടയർ കത്തിച്ച്​ പ്രതിഷേധിച്ചതോടെ കല്ലിടൽ മുടങ്ങി. അഗ്​നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. പിന്നീട് കോളനിക്ക്​ മുകൾഭാഗത്തു മാത്രമാണ് കല്ലിട്ടത്. മന്ത്രി സ്ഥലത്തെത്താതെ കോളനിയിലേക്ക്​ ആരെയും കടത്തിവിടില്ലെന്ന നിലപാടിലായിരുന്നു പ്രദേശവാസികൾ. മൂന്നുസെന്‍റ്​ മാത്രമുള്ള പലരും വീട് നഷ്ടപ്പെടുമെന്ന ആശങ്ക ഉദ്യോഗസ്ഥരോട് അടക്കം പങ്കുവെച്ചു. പൊതുനിരത്തിൽ ടയർ കത്തിച്ചതിന്​ നാട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തു. പിന്തുണയുമായി കെ-റെയിൽ വിരുദ്ധ സമരസമിതിക്ക്​ പുറമെ എസ്.യു.സി.ഐ, ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകരുമെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.