പത്തനംതിട്ട: ശബരിമലയിൽ പ്രധാനപ്പെട്ട മൂന്ന് പദ്ധതികൾ നടപ്പാക്കാൻ ദേവസ്വം ബോർഡ് തയാറെടുക്കുന്നു. റോപ് വേ, പമ്പയിൽ പാലം, കുന്നാറിൽ നിന്നുള്ള കുടിവെള്ള പൈപ്പുകൾ മാറ്റിസ്ഥാപിക്കൽ എന്നിവയാണ് പദ്ധതികൾ. ഇതോടൊപ്പം അപ്പം അരവണ പ്ലാന്‍റുകളും നവീകരിക്കും. പമ്പയിൽനിന്ന് ഗണപതി കോവിലിലേക്കാണ് പുതിയ പാലം നിർമിക്കുക. പമ്പയിൽ വെള്ളപ്പൊക്കമുണ്ടായാലും ശബരിമലയിലെ പൂജകളെയും തീർഥാടനത്തെയും ബാധിക്കാതിരിക്കാനാണ് പാലം നിർമിക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപൻ 'മാധ്യമ'ത്തോട് പറഞ്ഞു. 2018ലെ പ്രളയകാലത്ത് പമ്പവഴി സന്നിധാനത്തേക്ക് തന്ത്രിക്കുപോലും പോകാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. നടപ്പാലമാണ് നിർമിക്കുക. അതിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത് ഇപ്പോൾ പരിഗണനയിലില്ല. പാലം നിർമാണത്തിന്‍റെ എസ്റ്റിമേറ്റ് തയാറാക്കിവരുകയാണ്. പമ്പയിൽനിന്ന് സന്നിധാനത്തേക്ക് സാധനങ്ങൾ എത്തിക്കാനാണ് റോപ് വേ നിർമിക്കുന്നത്. പമ്പ ഹിൽടോപ്പിൽനിന്ന് സന്നിധാനം പൊലീസ് ബാരക്കിനടുത്ത് അവസാനിക്കുന്ന നിലയിലായിരിക്കും നിർമാണം. റോപ് വേ പൂർത്തിയായാൽ ട്രാക്ടറുകളുടെ ഓട്ടം കുറക്കാനുമാകും. ഇതിനുപുറമേ കുന്നാറിൽനിന്ന് ജലവിതരണ കുഴലുകളിൽ കാലപ്പഴക്കം വന്നവ മാറ്റാന്‍ മൂന്നുകോടിയുടെ പ്രത്യേക പദ്ധതിക്കും അനുമതി നൽകിയതായി അനന്തഗോപൻ പറഞ്ഞു. സംസ്ഥാന ബജറ്റിൽ ശബരിമല മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട വികസന പ്രവർത്തനത്തിന് 30 കോടിയും എയർസ്ട്രിപ് സജ്ജീകരണ പഠനത്തിന് രണ്ടുകോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഈ തുക കൂടി ഉപയോഗിച്ചാണ് പദ്ധതികൾ നടപ്പാക്കുക. കോവിഡ് ഇളവുകള്‍ വരുന്നതോടെ മറ്റു പ്രവര്‍ത്തനങ്ങളും വേഗത്തിലാകും. പമ്പാ നദിയുടെ പുനരുദ്ധാരണത്തിന് 50 ലക്ഷം രൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. പ്രധാനമായും ഇത് ശബരിമലയുമായി ബന്ധപ്പെട്ട മേഖലകളിലെ നദിയുടെ പുനരുദ്ധാരണത്തിനാണ് വിനിയോഗിക്കുക. പ്രളയകാലത്ത് ഏറെ നാശംനേരിട്ട പമ്പയും പരിസര പ്രദേശങ്ങളും പൂര്‍വസ്ഥതിയിലാക്കാന്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇനിയും നടത്തേണ്ടതുണ്ട്. അതിനാണ് ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാറും മുന്‍കൈയെടുക്കുന്നത്. നിലക്കലുമായി ബന്ധപ്പെട്ട് എട്ടുകോടിയുടെ വികസന പ്രവർത്തനവും നടപ്പുവർഷം നടത്തും. ടെമ്പിള്‍ സോണ്‍ ഡെവലപ്മെന്‍റ് പദ്ധതിയില്‍പ്പെടുത്തിയാണ് വികസനം നടത്തുക. നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് നടപടി കൈക്കൊള്ളുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട നവീകരണ പ്രവർത്തനങ്ങൾ എല്ലാം മാസ്റ്റർപ്ലാനിൽ പറയുന്നതനുസരിച്ച് ഹൈകോടതി നിരീക്ഷണത്തിലാണ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.