വൈക്കത്ത് അത്യാധുനിക സിനിമ തിയറ്റര്‍ നിർമാണം ഏപ്രിലില്‍ ആരംഭിക്കും

വൈക്കം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ വൈക്കത്ത് സജ്ജമാക്കുന്ന അത്യാധുനിക തിയറ്ററിന്റെ നിർമാണം ഏപ്രിലിൽ ആരംഭിക്കുമെന്ന് സി.കെ. ആശ എം.എല്‍.എ അറിയിച്ചു. ഇതുസംബന്ധിച്ച കരാറിൽ വൈക്കം നഗരസഭയും കെ.എസ്.എഫ്.ഡി.സിയും ഒപ്പുവെച്ചു. നഗരസഭയെ പ്രതിനിധാനംചെയ്ത്​ സെക്രട്ടറി രമ്യ കൃഷ്ണന്‍, കെ.എസ്.എഫ്.ഡി.സിയെ പ്രതിനിധാനംചെയ്ത് മാനേജിങ്​ ഡയറക്ടര്‍ എന്‍. മായ എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. സി.കെ. ആശ എം.എല്‍.എ, വൈക്കം നഗരസഭ ചെയര്‍പേഴ്‌സൻ രേണുക രതീഷ്, കെ.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി. സുഭാഷ്, നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ഹരിദാസന്‍ നായര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് കെ.എസ്.എഫ്.ഡി.സി ഓഫിസില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്. കെ.എസ്.എഫ്.ഡി.സിയെ പ്രതിനിധാനംചെയ്ത് ഫിനാന്‍സ് മാനേജര്‍ ജി. വിദ്യ, അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ ഒ.വി. തദേവൂസ് എന്നിവര്‍ പങ്കെടുത്തു. 3.60 ലക്ഷം രൂപ വാര്‍ഷിക അടിസ്ഥാന നിരക്കില്‍ 30 വര്‍ഷത്തേക്കാണ് കരാര്‍. മൂന്നു വര്‍ഷത്തിനുശേഷം അടിസ്ഥാന പാട്ടത്തുകയുടെ 10 ശതമാനം വീതം തുടർന്നുള്ള ഓരോ വര്‍ഷവും വർധിപ്പിക്കും. തിയറ്റര്‍ സമുച്ചയത്തില്‍ രണ്ട് തിയറ്ററുണ്ടാകും. ഏറ്റവും ആധുനികസാങ്കേതികവിദ്യ ആകും സജ്ജമാക്കുകയെന്ന്​ കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.