കാതോലിക്ക ബാവ പാണക്കാട് സന്ദർശിച്ചു

മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പാണക്കാട് എത്തി. മതസൗഹാർദത്തിനായി നിലകൊണ്ട വ്യക്തിയായിരുന്നു ഹൈദരലി തങ്ങളെന്നും അദ്ദേഹത്തിന്‍റെ വിയോഗം സമൂഹത്തിനും മലങ്കര ഓർത്തഡോക്സ് സഭക്കും തീരാനഷ്ടമാണെന്നും ബാവ അനുസ്മരിച്ചു. മുസ്​ലിം ലീഗിന്‍റെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സാദിഖലി ശിഹാബ് തങ്ങളെ അഭിനന്ദിച്ചു. മുൻഗാമികളുടെ പാതയിലൂടെ സമുദായത്തെ നയിക്കാനും ഇതര സമുദായങ്ങളോടുള്ള നല്ല ബന്ധം നിലനിർത്തി മുന്നേറാനും സാധിക്കട്ടെ എന്നും ആശംസിച്ചു. സാദിഖലി തങ്ങൾ ഖുർആൻ നൽകി കാതോലിക്ക ബാവയെ ആദരിച്ചപ്പോൾ അദ്ദേഹം തിരിച്ച്​ ബൈബിൾ നൽകി അദ്ദേഹത്തെ സ്​നേഹം അറിയിച്ചു. മലബാർ ഭദ്രാസന സഹായ മെത്രാപ്പൊലീത്ത എബ്രഹാം മാർ സെറാഫിം, സഭയുടെ മുതിർന്ന വൈദികനും കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടറുമായ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, മലബാർ ഭദ്രാസന സെക്രട്ടറി ഫാ. തോമസ് കുര്യൻ താഴെയിൽ എന്നിവരും കാതോലിക്ക ബാവയുടെ ഒപ്പമുണ്ടായിരുന്നു. അബ്ബാസലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, നഈം അലി ഷിഹാബ് തങ്ങൾ എന്നിവർ സംബന്ധിച്ചു. ഫോട്ടോ: mpgma1 പാണക്കാട് എത്തിയ മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ സാദിഖലി ശിഹാബ്​ തങ്ങൾ, മുനവ്വറലി ശിഹാബ്​ തങ്ങൾ എന്നിവരുമായി സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.