അതിരമ്പുഴ തിരുനാൾ: പാലരുവി ഏറ്റുമാനൂരിൽ നിർത്തിയില്ല

കോട്ടയം: അതിരമ്പുഴ തിരുനാളിനോട് അനുബന്ധിച്ച് പാലരുവി ട്രെയിനിന്​​ ഏറ്റുമാനൂരിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്​റ്റോപ് അനുവദിച്ചിരുന്നെങ്കിലും നിർത്തിയില്ല. റെയിൽവേ ഓപറേഷൻ വിഭാഗത്തിലെ പിഴവാണ്​ ട്രെയിൻ നിർത്താതെ പോകാനിടയാക്കിയത്​. തോമസ് ചാഴികാടൻ എം.പി ഇടപെട്ടാണ് ഏറ്റുമാനൂരിൽ തിരുനാൾ ദിവസങ്ങളിൽ പാലരുവി അടക്കം മൂന്ന് ട്രെയിനുകൾക്ക് താൽക്കാലിക സ്​റ്റോപ് നേടിയെടുത്തത്. തിരുനാൾ ഒരുക്കങ്ങളോട് അനുബന്ധിച്ച് നടന്ന പ്രഭാഷണത്തിൽ പ്രധാന തിരുനാൾ ദിവസമായ 24, 25 തീയതികളിൽ പാലരുവിക്ക്​ സ്​​റ്റോപ്പ്‌ ഉണ്ടെന്ന വിവരം വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ വിശ്വാസികളെ അറിയിച്ചിരുന്നു. അതനുസരിച്ച്​ തെക്കൻ കേരളത്തിൽനിന്ന് അതിരമ്പുഴയിലേക്കുള്ളവർ ഈ ട്രെയിനിലുണ്ടായിരുന്നു. പാലരുവിക്ക്​ എറണാകുളം ഭാഗത്തേക്ക്​ യാത്രചെയ്യാൻ നിരവധി യാത്രക്കാരും ഏറ്റുമാനൂർ സ്​റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ, ട്രെയിൻ നിർത്തിയില്ല. യാത്രക്കാർ തോമസ് ചാഴികാടൻ എം.പിയെ വിവരം ധരിപ്പിച്ചതനുസരിച്ച് അദ്ദേഹം അധികൃതരുമായി സംസാരിച്ചു. ഓപറേഷൻ വിഭാഗത്തിലെ പിഴവ് ആണെന്ന് ഒടുവിൽ സമ്മതിക്കുകയായിരുന്നു. 24 നും 25 നും തിരുനെൽവേലിയിൽനിന്ന് എടുക്കുന്ന ട്രെയിനാണ് സ്​റ്റോപ് അനുവദിച്ചത് എന്നായിരുന്നു അവർ ആദ്യം ഉന്നയിച്ചത്. 24ന് തിരുനെൽവേലിയിൽനിന്ന് എടുക്കുന്ന ട്രെയിൻ 25നാണ് ഏറ്റുമാനൂരിൽ എത്തുക. അതുപ്രകാരം 25,26 തീയതികളിലാണ് പാലരുവി ഏറ്റുമാനൂരിൽ നിർത്തുക. പാലരുവിക്ക്​ സ്​റ്റോപ് പ്രതീക്ഷിച്ച് നേരത്തേ ഏറ്റുമാനൂരിൽ എത്തിയ യാത്രക്കാർ സ്​റ്റേഷൻ മാസ്​റ്ററോട് വിഷയം അവതരിപ്പിച്ചെങ്കിലും അധികൃതരെ അറിയിക്കാനോ തുടർ നടപടികൾ സ്വീകരിക്കാനോ തയാറായില്ലെന്ന്​ യാത്രക്കാർ പറഞ്ഞു. റെയിൽവേയുടെ നടപടിയിൽ ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് പ്രതിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.