മുല്ലപ്പെരിയാറിലേക്ക് വൈദ്യുതി: ഉന്നത ഉദ്യോഗസ്ഥരുടെ യോഗം

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് ഭൂഗർഭ കേബിൾ സ്ഥാപിച്ച് വൈദ്യുതി എത്തിക്കുന്നത് സംബന്ധിച്ച് അണക്കെട്ടിൽ കേരള-തമിഴ്നാട് ഉദ്യോഗസ്ഥരുടെ യോഗം നടന്നു. വണ്ടിപ്പെരിയാർ വള്ളക്കടവ് വനം വകുപ്പ് ചെക്ക്​പോസ്​റ്റ്​ മുതൽ അണക്കെട്ട് വരെ ആറ്​ കി.മീ. കാനനപാതയിൽ ഭൂമിക്കടിയിലൂടെ കേബിൾ സ്ഥാപിച്ച് അണക്കെട്ടിൽ വൈദ്യുതി എത്തിക്കുന്നത് സംബന്ധിച്ചാണ് കൂടിയാലോചന നടത്തിയത്. പെരിയാർ കടുവ സങ്കേതത്തിനുള്ളിലൂടെ ഉണ്ടായിരുന്ന വൈദ്യുതി ലൈനിൽ തട്ടി ആനകൾ ചെരിഞ്ഞതോടെയാണ് വർഷങ്ങൾക്കുമുമ്പ് മുല്ലപ്പെരിയാറിലേക്കുള്ള വൈദ്യുതി വിതരണം നിർത്തലാക്കിയത്. ഇതോടെ വലിയ ജനറേറ്ററുകൾ ഉപയോഗിച്ചാണ് അണക്കെട്ടിൽ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നത്. അണക്കെട്ടിലേക്ക് വൈദ്യുതി എത്തിക്കുന്നതിന്​ തമിഴ്നാട് പിന്നീട് കോടതിയെ സമീപിക്കുകയും തുടർന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇതിന് അനുമതി നൽകുകയുമായിരുന്നു. നിലവിലെ കാനനപാതക്കിടയിലൂടെ കേബിൾ സ്ഥാപിക്കുന്നതിന്​ തമിഴ്നാട് 95 ലക്ഷം രൂപ നേരത്തേ കെ.എസ്.ഇ.ബിക്ക്​ നൽകിയിരുന്നു. ഇതി​ൻെറ ടെൻഡർ നടപടി പൂർത്തിയായതായാണ് വിവരം. വനമേഖലയിലൂടെ കേബിൾ സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് ചൊവ്വാഴ്​ചത്തെ യോഗം. യോഗത്തിൽ തമിഴ്നാട് കാവേരി സെൽ ചെയർമാൻ സുബ്രമണ്യം, എക്സിക്യൂട്ടിവ് എൻജിനീയർ സാം ഇർവിൻ, ഉദ്യോഗസ്ഥരായ സുകുമാർ, സുജാത, പെരിയാർ കടുവസങ്കേതം അസിസ്​റ്റൻറ്​ ഫീൽഡ് ഡയറക്ടർ വിപിൻദാസ്, കെ.എസ്.ഇ.ബി, എക്സിക്യൂട്ടിവ് എൻജിനീയർ മനോജ്, മുല്ലപ്പെരിയാർ ഡിവൈ.എസ്.പി നന്ദനൻ പിള്ള എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.