ജീവനക്കാരന് കോവിഡ്; കോട്ടയം കലക്ടര്‍ ക്വാറൻറീനില്‍

കോട്ടയം: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോട്ടയം ജില്ല കലക്ടര്‍ എം. അഞ്ജന ക്വാറൻറീനില്‍ പ്രവേശിച്ചു. കലക്ടറുടെ കാര്യാലയത്തിലെ ഡഫേദാറായ കോട്ടയം സ്വദേശിക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. ഇദ്ദേഹവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ കലക്ടറും അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റ് അനില്‍ ഉമ്മനും ഉള്‍പ്പെടെ 14 പേരെയാണ് കണ്ടെത്തിയിട്ടുള്ളത്. എല്ലാവര്‍ക്കും ക്വാറൻറീന്‍ നിര്‍ദേശിച്ചു. കൂടുതല്‍ പ്രൈമറി, സെക്കന്‍ഡറി സമ്പർക്കം കണ്ടെത്തുന്നതിനുള്ള നടപടി പുരോഗമിക്കുന്നുണ്ട്​. രോഗം ബാധിച്ച ജീവനക്കാരന്‍ ജൂലൈ 18നാണ് അവസാനം ഓഫിസില്‍ എത്തിയത്. പനിയുണ്ടായതിനെത്തുടര്‍ന്ന് 21ന് സാമ്പിള്‍ പരിശോധനക്ക്​ വിധേയനായി. അവസാന സമ്പര്‍ക്കത്തിനുശേഷം ഏഴുദിവസം തികയുന്ന ജൂലൈ 26ന് ജില്ല കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ കോവിഡ് പരിശോധനക്ക്​ വിധേയരാകും. വെള്ളിയാഴ്​ച മുതല്‍ കോട്ടയത്തെ ഔദ്യോഗിക വസതിയില്‍നിന്നായിരിക്കും ചുമതലകള്‍ നിര്‍വഹിക്കുകയെന്നും അണുമുക്തമാക്കിയശേഷം ഓഫിസ് സാധാരണനിലയില്‍ പ്രവര്‍ത്തിക്കുമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.