സി.പി.ഐ പത്തനംതിട്ട ജില്ല സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും എതിരെ വിമർശനം

. പിണറായി സർക്കാർ എന്ന പേരുപറഞ്ഞ്​​ സി.പി.ഐക്കുള്ള പ്രധാന്യം കുറച്ചുകാട്ടുന്നു പത്തനംതിട്ട: സി.പി.ഐ പത്തനംതിട്ട ജില്ല സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും എതിരെ കടുത്ത വിമർശനം. സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്​ട്രീയ റിപ്പോർട്ടിലാണ്​ വിമർശനങ്ങളുള്ളത്​. ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ള മുഖ്യമന്ത്രി കറുത്ത മാസ്കിനോടുപോലും അസഹിഷ്ണുത കാട്ടുന്നത്​ ജനാധിപത്യരീതിയല്ല എന്നു പറഞ്ഞാണ്​ റിപ്പോർട്ട്​ ആരംഭിക്കുന്നത്​. മുഖ്യമന്ത്രിയുടെ ഓഫിസ്​ കേന്ദ്രീകരിച്ചുള്ള വിവാദങ്ങൾ മുന്നണിയുടെ പ്രതിച്ഛായക്കുപോലും കോട്ടമുണ്ടാക്കുന്നു. ഘടകകക്ഷിയെന്ന പരിഗണനപോലും സി.പി.ഐക്ക്​ പലയിടത്തും ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. എംപ്ലോയ്​മെന്‍റ്​ എക്സ്​ചേഞ്ച്​ സംവിധാനം നോക്കുകുത്തിയാക്കി ഏകപക്ഷീയമായി പിൻവാതിൽ നിയമനം നടത്തുന്നു. കുടുംബശ്രീയിൽപോലും ഇത്തരം നിയമനം നടത്തുന്നു. ഉമ്മൻ ചാണ്ടി സർക്കാറിനെപോലും നാണിപ്പിക്കുന്ന വിധത്തിലാണ്​ പലഘട്ടങ്ങളിലും സർക്കാറിന്‍റെ പ്രവർത്തനം. ഇതിന്‍റെ പഴി സി.പി.ഐക്കും ഏൽക്കേണ്ടിവരുന്നു. വൺമാൻ ഷോയാക്കി ഭരണത്തെ മാറ്റാൻ ശ്രമിക്കുന്നു. പിണറായി സർക്കാർ എന്ന പേരുപറഞ്ഞ്​​ സി.പി.ഐക്കുള്ള പ്രധാന്യംപോലും നേതാക്കൾ കുറച്ച്​ കാട്ടുന്നു. വിദ്യാർഥി സംഘടനയായ എ.​ഐ.എസ്​.എഫിനോട്​ എസ്​.എഫ്​.ഐ കാട്ടുന്നത്​ ഫാഷിസ്റ്റ്​ സമീപനമാണ്​. പലകലാലയങ്ങളിലും ഫാഷിസ്റ്റ്​ രീതി എ.​ഐ.എസ്​.എഫിന്​ നേരെ ഉണ്ടാകുന്നു. ജില്ലയിലെ 35 സഹകരണ സംഘങ്ങൾ പ്രതിസന്ധിയിലാണ്​. ഈ സംഘങ്ങൾക്കെല്ലാം നേതൃത്വം നൽകുന്നത്​ സി.പി.എമ്മാണ്​. ജില്ലയിലെ സഹകരണ ബാങ്കുകളുടെ തകർച്ചക്ക് കാരണം സി.പി.എമ്മിന്റെ ചില നയങ്ങളാണെന്നും റിപ്പോർട്ടിലുണ്ട്​. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം മുണ്ടപ്പള്ളി തോമസാണ്​ രാഷ്ട്രീയ റിപ്പോർട്ട്​ അവതരിപ്പിച്ചത്​. കെ-റെയിൽ പദ്ധതിക്കെതിരെയും വലിയ വിമർശനം സമ്മേളനത്തിലുണ്ടായി. പദ്ധതി ധാർഷ്ട്യത്തോടെയാണ്​ നടപ്പാക്കാൻ ശ്രമിച്ചത്​. ഇതിന്​ തിരിച്ചടി പലഘട്ടങ്ങളിലായി സി.പി.എം നേരിട്ടു. പദ്ധതി ശബരിമല വിഷയം പോലെ സങ്കീർണമാക്കി മാറ്റിയെന്ന്​ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ റാന്നിയിൽനിന്നുള്ള പ്രതിനിധി വിമർശിച്ചു. പലയിടത്തും സി.പി.എം കള്ളവോട്ടിലൂടെയാണ്​ സഹകരണ സംഘങ്ങൾ പിടിച്ചെടുക്കുന്നതെന്ന വിമർശനവും ചർച്ചയിൽ പ​ങ്കെടുത്ത പ്രതിനിധികളിൽനിന്നുണ്ടായി. സി.പി.എമ്മിന്റെ കൈയിലുള്ള പല സഹകരണ സംഘങ്ങളും കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും ചിലർ ചൂണ്ടിക്കാട്ടി​. പ്രതിനിധി സമ്മേളനം ഉദ്​ഘാടനം ചെയ്ത പന്ന്യൻ രവീന്ദ്രൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫോൺ, പാചകവാതക പൈപ്പ്​ ലൈൻ പദ്ധതികളെ പ്രശംസിച്ചു. സി.പി.ഐ കൈകാര്യം ചെയ്യുന്ന വകുപ്പുകളെക്കുറിച്ച്​ പരാമർശിച്ചതേയില്ല. കൃഷി മന്ത്രി പി. പ്രസാദും മൃഗസംരക്ഷണ വകുപ്പ്​ മന്ത്രി ജെ. ചിഞ്ചുറാണിയും വേദിയിലിരിക്കെയാണ്​ സി.പി.എം മന്ത്രിമാർ നടപ്പാക്കുന്ന പദ്ധതികളെ മാത്രം പ്രശംസിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.