നെഞ്ചിടിപ്പോടെ വീണ്ടും മലയോരമേഖല

മുണ്ടക്കയം: മണിക്കൂറുകളോളം തുടര്‍ച്ചയായി പെയ്ത മഴയില്‍ കിഴക്കന്‍ മലയോരമേഖലയില്‍ കനത്തനാശം. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാട് മൂപ്പന്‍മലയിലെ 39ാം ഭാഗത്തുണ്ടായ മണ്ണിടിച്ചില്‍ മൂലം വ്യാപക കൃഷിനാശം സംഭവിച്ചു. കൂട്ടിക്കല്‍ ടൗണില്‍ പുല്ലകയാറിലൂടെ ഒഴുകിവന്ന സാധനങ്ങള്‍ പിടിക്കാനിറങ്ങിയ കൂട്ടിക്കല്‍ കന്നുപറമ്പില്‍ റിയാസ് (44) എന്നയാളെ ഒഴുക്കില്‍പെട്ട്​ കാണാതായി. തിങ്കളാഴ്ച ഉച്ചക്ക്​ രണ്ടോടെയാണ് സംഭവം. രാവിലെ മുതല്‍ പെയ്ത മഴയില്‍ പുല്ലകയാറ്റില്‍ ജലനിരപ്പുയര്‍ന്നതോടെ വെള്ളത്തില്‍ ഒഴുകിയെത്തുന്ന സാധനങ്ങള്‍ പിടിക്കാനായി മേഖലയിലെ ചെറുപ്പക്കാര്‍ രംഗത്തുണ്ടായിരുന്നു. ഇതിനിടയിലാണ് റിയാസ് ഒഴുക്കില്‍പെട്ടത്. കാല്‍വഴുതി ഒഴുക്കില്‍പെടുകയായിരുന്നു. ടൗണില്‍നിന്ന്​ 500 മീറ്റര്‍ ദൂരത്തില്‍ ചപ്പാത്ത് ഭാഗത്ത് റിയാസ് ഒഴുകി വരുന്നത് കണ്ടെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൂട്ടിക്കല്‍ പഞ്ചായത്തിലെ തേന്‍പുഴ ഈസ്റ്റ്​ പുല്ലകയാര്‍ തീരത്ത് മൂലയില്‍ സരസയുടെ പുരയിടത്തിന്‍റെ സംരക്ഷണഭിത്തി തകര്‍ന്നു. അടുത്തകാലത്ത് കരിങ്കല്‍ കൊണ്ട്​ നിര്‍മിച്ച ഭിത്തി മഴയില്‍ തകര്‍ന്നുവീഴുകയായിരുന്നു. പത്തോളം റബര്‍മരങ്ങളും മറ്റ്​ കൃഷിയും ഒഴുക്കില്‍ നഷ്ടമായി. ഇളങ്കാട്, വെംബ്ലി, വടക്കേമല, നാരകംപുഴ, കൂട്ടിക്കല്‍, കൊക്കയാര്‍, ഉറുമ്പിക്കര, പൂവഞ്ചി, മുറികല്ലുമ്പുറം പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം നാടിനെ ആശങ്കയിലാക്കി. പുല്ലകയാര്‍ നിറഞ്ഞൊഴുകിയതോടെ കൂട്ടിക്കല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായി. മുണ്ടക്കയം- കൂട്ടിക്കല്‍- റോഡില്‍ വെള്ളം കവിഞ്ഞൊഴുകിയതിനെത്തുടർന്ന്​ ഇളങ്കാട് ഭാഗത്തേക്കുള്ള ബസ് സർവിസുകൾ അടക്കം വാഹനഗതാഗതം തടസ്സപ്പെട്ടു. വൈകീട്ട് ആറിനുശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. മുണ്ടക്കയം കോസ്​വേയുടെ മുകളിലൂടെയായിരുന്നു വെള്ളം ഒഴുകിയത്. കോസ്​വേയുടെ കൈവരി വീണ്ടും തകര്‍ന്നൊഴുകി. കോസ്​വേ വെള്ളത്തിനടിയിലായതോടെ മുണ്ടക്കയം-എരുമേലി സംസ്ഥാനപാതയില്‍ ഗതാഗതം സ്തംഭിച്ചു. തുടര്‍ന്ന്​ മുപ്പത്തിയഞ്ചാംമൈല്‍ -വണ്ടന്‍പതാല്‍ റോഡിലൂടെ വാഹനങ്ങളെ അയക്കുകയായിരുന്നു. കോസ്​വേയോട്​ ചേര്‍ന്ന വരിക്കാനി റോഡിലെ ഹോട്ടലുകളടക്കം നിരവധി വ്യാപാരസ്ഥാപനങ്ങളിലും പുത്തന്‍ചന്തയില്‍ മണിമലയാറിനോട് ചേര്‍ന്ന നിരവധി വീടുകളിലും വെള്ളം കയറി. കൂടാതെ, പുത്തന്‍ചന്ത ഖാദിരിയ്യ ജുമാമസ്ജിദ്, ഇര്‍ഷാദിയ അറബിക് കോളജ് എന്നിവിടങ്ങളിലും വെള്ളം കയറി. മുണ്ടക്കയം ബൈപാസും വെള്ളത്തിനടിയിലായി. കൊക്കയാര്‍ പഞ്ചായത്തിലെ വടക്കേമല കോളനിഭാഗം മലവെള്ളപ്പാച്ചിലിനെത്തുടര്‍ന്ന്​ അപകടഭീഷണിയിലാണ്. പ്രദേശത്തെ 20ഓളം കുടുംബങ്ങള്‍ വടക്കേമല എല്‍.പി സ്‌കൂളിലേക്ക് താമസം മാറ്റി. മണിമലയാറിന്‍റെ തീരപ്രദേശമായ മുണ്ടക്കയം പഞ്ചായത്തിലെ മുറികല്ലുമ്പുറം ഭാഗവും അപകടാവസ്ഥയിലാണ്. കഴിഞ്ഞ പ്രളയത്തില്‍ ഇവിടത്തെ നിരവധി വീടുകള്‍ ഒലിച്ചുപോയിരുന്നു. എന്നാല്‍, ഇവരില്‍ പാതിയും ഇവിടെ തിരിച്ചെത്തി താമസം തുടങ്ങിയിരുന്നു. ഇവിടെയെല്ലാം വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്തുനിന്ന്​ ടൗണിലേക്ക്​ വിവിധ ആവശ്യങ്ങള്‍ക്ക്​ പോയ പലരും തിരികെ എത്താനാവാതെ വഴിയില്‍ കുടുങ്ങി. രാത്രി വൈകിയാണ് പലർക്കും എത്താനായത്. കൂട്ടിക്കല്‍ ഔട്ട്​ പോസ്റ്റ് ഭാഗത്തെ ആറ്​ കുടുംബത്തെ കെ.എം.ജെ പബ്ലിക് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മുണ്ടക്കയം, കൂട്ടിക്കല്‍ പഞ്ചായത്തുകളില്‍ വിവിധ വാര്‍ഡുകളില്‍ അപകടഭീഷണിയിലുള്ള കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന്​ താൽക്കാലിക ക്യാമ്പുകള്‍ തുറക്കാൻ അധികാരികള്‍ തയാറായിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ മേഖലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടുതല്‍ ആരംഭിക്കാനാണ് നീക്കം. കോരുത്തോട് പഞ്ചായത്തിലെ പാറമട ഭാഗത്ത് മലവെള്ളപ്പാച്ചിലിനെത്തുടര്‍ന്ന്​ പുത്തന്‍വീട്ടില്‍ വാസുദേവന്‍റെ വീട് തകര്‍ന്നുവീണു. കോരുത്തോട് പാതയിലെ അശാസ്ത്രീയ ഓട നിര്‍മാണമാണ് ഇവിടെ വെള്ളപ്പാച്ചില്‍ ഉണ്ടാകാനിടയാക്കിയത്. പിഞ്ചുകുട്ടിയടക്കം വീട്ടുകാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇവരെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു. അഴുതയാറും കവിഞ്ഞൊഴുകി. മൂപ്പന്‍മലയിലേക്കുള്ള താൽക്കാലിക പാലത്തിന്‍റെ കരിങ്കല്‍കെട്ട് ഇടിഞ്ഞതിനെത്തുടര്‍ന്ന്​ പാലം തകര്‍ന്ന അവസ്ഥയിലാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.