റിസോർട്ട് ബുക്ക് ചെയ്ത് കുമരകത്ത് എത്തുന്നവർക്ക് കായലിന്‍റെ സൗന്ദര്യം കൺകുളിർക്കെ അവർ ഒരുക്കിനൽകും. ഹൗസ്ബോട്ടുകൾ വാടകക്ക് എടുക്കുന്നവർക്കും സന്തോഷസവാരിയാകും. എന്നാൽ, ബോട്ടുകൾ വാടകക്കെടുക്കാതെ ചെറുചെലവിൽ കുമരകം കാണാനെത്തുന്നവർക്ക് കാഴ്ചകൾ ഏറെ 'അകലയാണ്'. ഒന്നിരിക്കാനോ ലഘുഭക്ഷണത്തിനോ പ്രാഥമികാവശ്യം നിര്‍വഹിക്കുന്നതിനോ സൗകര്യങ്ങൾ ലോകമറിയുന്ന കുമരകത്തില്ല. കായലോരത്തെ മിക്ക സ്ഥലത്തും സ്വകാര്യ റിസോര്‍ട്ടുകളായതിനാല്‍ ഇവിടേക്കൊന്നും സാധാരണക്കാരായ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനമില്ല. അവശേഷിക്കുന്നിടത്ത് അടിസ്ഥാനസൗകര്യങ്ങളുമില്ല. സാധാരണക്കാരായ സഞ്ചാരികൾക്ക് മുന്നിൽ അസൗകര്യം മാത്രമാണ് ഓളംതല്ലുന്നത്. ഇവയിലേക്ക് ഒരു അന്വേഷണം. ---------- മതിൽപുറത്തെ കായല്‍ സൗന്ദര്യം കായലോരത്തെ മിക്ക സ്ഥലത്തും സ്വകാര്യ റിസോര്‍ട്ടുകളായതിനാല്‍ ഇവിടേക്കൊന്നും സാധാരണക്കാരായ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനമില്ല. അവശേഷിക്കുന്നിടത്ത് അടിസ്ഥാനസൗകര്യങ്ങളുമില്ല. കോട്ടയം: കുമരകം ബോട്ടുജെട്ടിയിൽ മുഹമ്മക്ക് ബോട്ടും കാത്തിരിക്കുകയാണ് തമിഴ്നാട്ടിൽനിന്നെത്തിയ ദിനകരനും കുടുംബവും. കമ്പ്യൂട്ടർ സ്ക്രീനിൽനിന്ന് മനസ്സിൽ കൂടുകൂട്ടിയ കുമരകത്തിന്‍റെ കായൽ സൗന്ദര്യം നേരിട്ടനുഭവിക്കണം. എന്നാൽ, കുമരകത്തെത്തി രണ്ടരമണിക്കൂർ കഴിഞ്ഞിട്ടും കായൽത്തീരത്തേക്ക് എത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് മുഹമ്മക്ക് ബോട്ട് പിടിക്കാൻ ഇവർ തീരുമാനിച്ചത്. 'തീരത്തുകൂടി നടന്ന് കായൽ കാണാമെന്നാണ് കരുതിയത്. എന്നാൽ, ഇതുവരെ അടുത്തുപോലും എത്താൻ കഴിഞ്ഞില്ല'- ദിനകരൻ പറയുന്നു. എറണാകുളത്ത് മുറിയെടുത്ത് താമസിച്ചശേഷം പിറ്റേന്നാണ് ദിനകരനും കുടുംബവും മനസ്സിൽ ഏറെനാളായി താലോലിച്ച സുന്ദരതീരത്തേക്ക് വലിയ പ്രതീക്ഷകളുമായി എത്തിയത്. കുമരകത്തിലൂടെ ഏറെ അലഞ്ഞിട്ടും കാഴ്ചകളിലേക്ക് എത്താനായില്ല. കായലോരത്തെ മിക്ക സ്ഥലത്തും സ്വകാര്യ റിസോര്‍ട്ടുകളായതിനാല്‍ സാധാരണക്കാരായ വിനോദ സഞ്ചാരികള്‍ക്ക് കായൽ സൗന്ദര്യം പരിധിക്ക് പുറത്താണ്. ഹൗസ്ബോട്ടിലോ ശിക്കാരയിലോ യാത്ര നടത്തിയാൽ വേമ്പനാടിന്‍റെ സൗന്ദര്യത്തിനൊപ്പം സഞ്ചരിക്കാം. ചെലവേറുമെന്നതിനാൽ ബോട്ട് യാത്രക്ക് ഇവർക്ക് താൽപര്യമില്ല. 'കായൽത്തീരത്ത് ഇരിക്കാൻ സൗകര്യമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഇവിടെ ഒന്നുമില്ല. ഇതിനിടെ ഭക്ഷണം കഴിക്കാൻ കയറിയ കടക്കാരനാണ് പറഞ്ഞത് ബോട്ടിൽ കയറി മുഹമ്മക്ക് പോയാൽ മികച്ച യാത്രയാകുമെന്ന്. അടുത്ത ബോട്ടിൽ മടങ്ങിയെത്താം. ചെറിയ നിരക്കായതിനാൽ അത് പരീക്ഷിക്കാമെന്നുവെച്ചു -ദിനകരൻ പറഞ്ഞു. ബോട്ട് ജെട്ടിയിൽ എത്തിയപ്പോൾ വീണ്ടും കടമ്പ. ബോട്ടിന്‍റെ സമയക്രമം മലയാളത്തിൽ മാത്രം. മറ്റൊരു യാത്രക്കാരന്‍റെ സഹായത്തോടെ അങ്ങോട്ടും തിരിച്ചുമുള്ള സമയം മനസ്സിലാക്കി. പിന്നീട് അരമണിക്കൂർ നീണ്ട കാത്തിരിപ്പിനൊടുവിൽ മുഹമ്മക്ക് പുറപ്പെട്ടു. ഇത് ഒരു ദിനകരന്‍റെയോ കുടുംബത്തിന്‍റെയോ മാത്രം പ്രശ്നമല്ല. ചെറുചെലവിൽ ഒരുദിവസം ചെലവഴിക്കാൻ കുമരകത്ത് എത്തുന്നവരെല്ലാം അനുഭവിക്കുന്ന പ്രതിസന്ധി. റിസോർട്ട് ബുക്ക് ചെയ്ത് എത്തുന്നവർക്ക് കായലിന്‍റെ സൗന്ദര്യം അസ്വദിക്കാൻ തടസ്സങ്ങളൊന്നുമില്ല. ഹൗസ്ബോട്ടുകൾ വാടക്ക് എടുത്താൽ മികച്ച ഭക്ഷണവും കഴിച്ച് കാഴ്ചകൾ കാണാം. എന്നാൽ, ബോട്ടുകൾ വാടകക്ക് എടുക്കാതെ ചെറുചെലവിൽ കുമരകം കാണാനെത്തുന്നവർക്ക് അതൊരു സ്വപ്നമാണെന്ന് ഇവിടെ എത്തുമ്പോൾ ബോധ്യപ്പെടും. കായലോരത്ത് പൊതുസ്ഥലമെന്ന നിലയില്‍ സഞ്ചാരികള്‍ക്ക് എത്താന്‍ കുമരകം ബോട്ട് ജെട്ടിക്ക് പടിഞ്ഞാറെ സ്ഥലം മാത്രമാണുള്ളത്. ഇവിടെ എത്തിയാൽ കായലോരത്തെ കുരിശടിയുടെ മതിലില്‍ കയറിയിരുന്നു കായല്‍ സൗന്ദര്യം ആസ്വദിക്കാം. കായലോരത്തേക്ക് എത്താന്‍ ടൂറിസം വകുപ്പ് നടപ്പാത നിര്‍മിച്ചിട്ടുണ്ടെങ്കിലും മറ്റു സൗകര്യങ്ങളൊരുക്കിയിട്ടില്ല. ഈ നടപ്പാത തന്നെ തകർച്ചയിലാണ്. നേരത്തേ സ്നാക്സ് ബാർ ഉണ്ടായിരുന്നെങ്കിലും ഇതിനും പൂട്ട്വീണു. ഇത് ഇവിടുത്തെ മാത്രം കഥയല്ല. കുമരകം മുഴുവൻ കറങ്ങിനടന്നാലും വിശ്രമിക്കാനോ പ്രാഥമികാവശ്യങ്ങൾ നിര്‍വഹിക്കാനോ സൗകര്യങ്ങളില്ല. എന്നാൽ, പദ്ധതികൾക്ക് കുറവുമില്ല. ------ (തുടരും) ----- -- പടങ്ങൾ DP-- --------- --ബോക്സ്-- താഴുവീണ് സമൃദ്ധി ദേശീയതലത്തിൽ വരെയെത്തിയ കുമരകത്തിന്‍റെ മുഖമുദ്രയായിരുന്നു ഒരുകാലത്ത് കവണാറ്റിൻകരയിലെ സമൃദ്ധി എത്നിക്ക് ഫുഡ് റസ്റ്റാറന്‍റ്. നാടൻ ഭക്ഷണത്തിന്‍റെ രുചിക്കൂട്ടൊരുക്കി വിനോദ സഞ്ചാരികളുടെ മനം കീഴടക്കിയിരുന്ന സമൃദ്ധി അടഞ്ഞിട്ട് മാസങ്ങൾ പിന്നിടുന്നു. കോവിഡിന്‍റെ തളർച്ചയിൽ താഴുവീണ സമൃദ്ധി, വിനോദസഞ്ചാരമേഖല സജീവമായിട്ടും തുറന്നിട്ടില്ല. കുടുംബശ്രീയുടെയും ഉത്തരവാദിത്ത ടൂറിസം മിഷന്‍റെയും സഹകരണത്തോടെ പ്രവര്‍ത്തിച്ച സമൃദ്ധി റസ്റ്റാറന്‍റിന് ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ പസഫിക് ഏഷ്യ ട്രാവല്‍ അസോ. ഗോള്‍ഡന്‍ പുരസ്കാരം ലഭിച്ചിരുന്നു. ഇതോടെ പെരുമ കടലും കടന്നു. എന്നാൽ, കോവിഡിൽ പ്രവർത്തനം നിലച്ചു. പിന്നീട് തുറക്കാൻ ശ്രമങ്ങൾ വിജയിച്ചില്ല. ഇതിനിടെ ഭക്ഷണശാല നവീകരിച്ചു. പിന്നാലെ ഉടൻ തുറക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഒന്നും നടന്നില്ല. ഇപ്പോൾ പുതിയ ഫർണിച്ചറിനായി കാത്തിരിക്കുകയാണെന്നാണ് ഉത്തരവാദിത്ത ടൂറിസം അധികൃതർ വിശദീകരിക്കുന്നത്. 10 വനിതകളുടെ കൂട്ടായ്മയിൽ 2012 ലായിരുന്നു ഭക്ഷണശാല തുറന്നത്. ------- -പടം DP- ----------------------- ബോക്സ് കുമരകത്ത് എത്തിയ സഞ്ചാരികൾ (വർഷം, എണ്ണം ക്രമത്തിൽ) ആഭ്യന്തര സഞ്ചാരികൾ 2020- 1,22,101 2019-5,01,247 2018-4,52,934 --- വിദേശ സഞ്ചാരികൾ 2020-18,656 2019-49,837 2018- 35,975
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.