ട്രെയിൻ ചൂളംവിളിച്ചെത്തി, തേനിയിൽ ആവേശം

കുമളി: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ചൂളംവിളിച്ച് ​ട്രെയിൻ തേനിയിൽ എത്തിയപ്പോൾ നാട്ടുകാരുടെ ആവേശം വാനോളമുയർന്നു. 12 വർഷത്തിന്​ ശേഷമെത്തിയ ട്രെയിനിലെ ജീവനക്കാർക്കും യാത്രക്കാർക്കും മധുരം നൽകിയും ആരതി ഉഴിഞ്ഞുമാണ് നാട്ടുകാർ വരവേൽപ് ഗംഭീരമാക്കിയത്. മീറ്റർഗേജ് പാത ബ്രോഡ്ഗേജ് ആക്കുന്നതിന്‍റെ ഭാഗമായി 2010 ഡിസംബറിലാണ് മധുര-തേനി പാതയിലെ ട്രെയിൻ ഗതാഗതം നിർത്തിവെച്ചത്. പാത വീതികൂട്ടൽ ജോലികൾ പൂർത്തിയായതോടെ ആദ്യഘട്ടത്തിൽ മധുരയിൽനിന്ന്​ തേനി വരെയാണ് ​ട്രെയിൻ സർവിസ് ആരംഭിച്ചത്. ചെന്നൈയിൽനിന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്​ഘാടനം നിർവഹിച്ചത്. ഇതേ തുടർന്ന് മധുരയിൽനിന്ന്​ വൈകീട്ട് പുറപ്പെട്ട ​െട്രയിൻ വിവിധ സ്റ്റേഷനുകളിലെ സ്വീകരണങ്ങൾക്കു ശേഷം രാത്രി 8.40ന്​ തേനിയിലെത്തി. തേനി എം.പി രവീന്ദ്രനാഥ്, എം.എൽ.എമാരായ മഹാരാജൻ, ശരവണ കുമാർ എന്നിവരുടെ നേതൃത്വത്തിൽ നേതാക്കൾ, വിവിധ സംഘടന ഭാരവാഹികൾ, നാട്ടുകാർ എന്നിവർ ചേർന്ന്​ വരവേറ്റു. കാത്തിരിപ്പിനൊടുവിൽ അതിർത്തി ജില്ലയായ തേനിയിൽ ട്രെയിൻ എത്തിയത് ഇടുക്കി ജില്ലക്കും ഏറെ പ്രതീക്ഷകൾ നൽകി. ജില്ലയിലെ ടൂറിസത്തിനു പുറമെ ചരക്ക് ഗതാഗതം എന്നിവക്ക്​ ​െട്രയിൻ ഓടിത്തുടങ്ങിയത് നേട്ടമാകും. ഒപ്പം, ഹൈറേഞ്ചിൽനിന്ന്​ ഏറ്റവും അടുത്ത സ്ഥലത്തുനിന്ന്​ ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയുന്നതും ശബരിമല തീർഥാടകർക്ക് ദുരദേശങ്ങളിൽനിന്നും ട്രെയിനിൽ തേനിവരെ എത്താൻ കഴിയുന്നതും വലിയ നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.