-ചന്ദ്രശേഖർ റാവു ബദൽ മുന്നണിക്കായി പ്രവർത്തിക്കുകയാണെന്ന് എച്ച്.ഡി. കുമാരസ്വാമി ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കടുത്ത മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. ആരും സന്തുഷ്ടരല്ലെന്നും ദേശീയ തലത്തിൽ ഒരു മാറ്റമുണ്ടാകുമെന്നും അത് ആർക്കും തടയാനാവില്ലെന്നും രണ്ടോ മൂന്നോ മാസത്തിനുള്ളിൽ സ്ഫോടനാത്മകമായ വാർത്ത നിങ്ങൾക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഹൈദരാബാദിലെത്തിയപ്പോൾ സ്വീകരിക്കാതെ ബംഗളൂരുവിലെത്തിയ കെ. ചന്ദ്രശേഖർ റാവു ജെ.ഡി-എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുമായും എച്ച്.ഡി. കുമാരസ്വാമിയുമായും കൂടിക്കാഴ്ച നടത്തിയശേഷമാണ് വിമർശനങ്ങൾക്ക് മറുപടി നൽകിയത്. രാജ്യത്തെ ആദിവാസികളും കർഷകരും പാവപ്പെട്ടവരും സന്തുഷ്ടരല്ല. വ്യവസായങ്ങൾ അടച്ചുകൊണ്ടിരിക്കുകയാണ്. ജി.ഡി.പി തകർന്നുകൊണ്ടിരിക്കുകയാണ്. എല്ലാത്തിന്‍റെയും വില ഉയരുകയാണ്. രൂപയുടെ വില ഇടിഞ്ഞുകൊണ്ടിരിക്കുന്നു. പഞ്ചാബിൽ കർഷകർ മുന്നറിയിപ്പ് നൽകിയപ്പോൾ പ്രസംഗിച്ചെങ്കിലും ഒരു മാറ്റവും ഉണ്ടായില്ല. മാറ്റമാണ് വേണ്ടത്. മുതിർന്ന നേതാവ് ദേവഗൗഡയുമായും കുമാരസ്വാമിയുമായും ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് ചർച്ച ചെയ്തു. നേരത്തെ ഇവിടെ വന്നപ്പോൾ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞക്കായിരിക്കും വരുകയെന്ന് പറഞ്ഞിരുന്നു. അത് ശരിയായി മാറി. കുമാരസ്വാമി അന്ന് മുഖ്യമന്ത്രിയായി. അതുപോലെ ഇത്തവണ ഞാൻ ഉറപ്പുനൽകുകയാണ്. ദേശീയ തലത്തിൽ ഒരു മാറ്റം ഉണ്ടാകും. ആർക്കും അത് തടയാനാകില്ല. ഇന്ത്യ മാറും. ചർച്ചകൾ എപ്പോഴും നടക്കും. നയങ്ങൾക്കും പ്രസംഗങ്ങൾക്കുമപ്പുറം രാജ്യം ഉയരേണ്ടതുണ്ടെന്നും ചന്ദ്രശേഖർ റാവു പറഞ്ഞു. ദേശീയ തലത്തിൽ ബദൽ മുന്നണിക്കായാണ് ചന്ദ്രശേഖർ റാവു പ്രവർത്തിക്കുന്നതെന്നും നിരവധി സംസ്ഥാനങ്ങളിലെ നേതാക്കളെ അദ്ദേഹം കാണുന്നുണ്ടെന്നും സാധാരണക്കാർക്കായി ഒരു മാറ്റം കൊണ്ടുവന്ന് രാജ്യത്തെ രക്ഷിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും കൂടിക്കാഴ്ചക്കുശേഷം എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. നാലുമാസത്തിനിടെ രണ്ടാം തവണയാണ് കെ.സി.ആർ പ്രധാനമന്ത്രിയെ സ്വീകരിക്കാതെ ഹൈദരാബാദ് വിടുന്നത്. ഹൈദരാബാദിലെ ബേഗംപേട്ട് വിമാനത്താവളത്തിൽ തെലങ്കാന ബി.ജെ.പി യൂനിറ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് തെലങ്കാന രാഷ്ട്ര സമിതിയെയും ചന്ദ്രശേഖർ റാവുവിനെയും പ്രധാനമന്ത്രി നരേന്ദ്രമോദി കടന്നാക്രമിച്ചത്. തെലങ്കാനയിലെ ജനങ്ങൾ രാജവംശ രാഷ്ട്രീയം ഒഴിവാക്കി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാറിനെ തിരഞ്ഞെടുക്കാനുള്ള സമയമായെന്നും കുടുംബ രാഷ്ട്രീയം ജനാധിപത്യത്തിന് ഭീഷണിയാണെന്നുമായിരുന്നു മോദി പ്രസ്താവന. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെ നയിക്കുന്നത് അന്ധവിശ്വാസമാണെന്നും ഇത്തരക്കാർക്ക് വികസനത്തിന് വേണ്ടി ഒന്നും ചെയ്യാനാകില്ലെന്നും ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലുമാണ് വിശ്വാസമെന്നും മോദി പറഞ്ഞു. -ജിനു നാരായണൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.