പ്ലാസ്റ്റിക് മാലിന്യം കത്തിച്ചു; മൂന്നുപേര്‍ക്ക് പിഴ ചുമത്തി പഞ്ചായത്ത്

നെടുംകുന്നം: വീട്ടുവളപ്പില്‍ കൂട്ടിയിട്ട് പ്ലാസ്റ്റിക് മാലിന്യം കത്തിച്ചെന്ന പരാതിയില്‍ മൂന്നുപേര്‍ക്ക് പിഴ ചുമത്തി നെടുംകുന്നം പഞ്ചായത്ത്. ഹരിത കര്‍മസേനയുടെ പരാതിയെ തുടര്‍ന്ന് മൂന്ന്, നാല്, 12 വാര്‍ഡുകളില്‍ നടത്തിയ അന്വേഷണത്തിലാണ് കുറ്റക്കാരെ കണ്ടെത്തിയത്. ഇവര്‍ക്ക് 5000 രൂപ വീതമാണ് പിഴ ചുമത്തിയത്. ഹരിത കര്‍മസേന അംഗങ്ങള്‍ ഇവരുടെ വീട്ടിലെത്തി പലപ്രാവശ്യം പ്ലാസ്റ്റിക് മാലിന്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സ്വന്തമായി സംസ്‌കരിച്ചോളാമെന്ന് പറയുകയായിരുന്നു. മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് ശ്രദ്ധയില്‍പെട്ട ഹരിതകര്‍മ സേന അംഗങ്ങള്‍ വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചു. തുടര്‍ന്ന് പഞ്ചായത്ത് നടത്തിയ അന്വേഷണത്തില്‍ വീട്ടുകാര്‍ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് പിഴ ചുമത്തുകയും നോട്ടീസ് നല്‍കിയതായും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പൊതുസ്ഥലത്ത്​ മാലിന്യം തള്ളൽ: നടപടി ശക്തമാക്കും നെടുംകുന്നം: പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം തള്ളല്‍ പതിവായതോടെ ശക്തമായ നടപടിക്കൊരുങ്ങി നെടുംകുന്നം പഞ്ചായത്ത്. ഗ്രാമീണ റോഡുകള്‍, തോടുകള്‍, ആളൊഴിഞ്ഞ പ്രദേശത്തെ തോട്ടങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യം തള്ളല്‍ പതിവായതോടെയാണ് പഞ്ചായത്ത് നടപടി ശക്തമാക്കുന്നത്. ഹരിതകര്‍മ സേനയുടെ എം.സി.എഫ് യൂനിറ്റുകള്‍ക്ക് ചുറ്റും വ്യാപകമായി മാലിന്യം തള്ളുന്നുണ്ട്. മത്സ്യ-മാംസാവശിഷ്ടങ്ങളും വ്യാപാര സ്ഥാപനങ്ങളില്‍നിന്നുള്ള മാലിന്യവുമാണ് ഏറെയും. രാത്രിയില്‍ പൊതുസ്ഥലങ്ങളില്‍ വന്‍തോതില്‍ മാലിന്യം തള്ളുന്നുണ്ട്. നെടുംകുന്നം-മൈലാടി, മാര്‍ക്കറ്റ്-പന്ത്രണ്ടാംമൈല്‍, നെടുംകുന്നം-ചേലക്കൊമ്പ്, പുന്നവേലി തുടങ്ങിയ റോഡിന്റെ വശങ്ങളിലെല്ലാം മാലിന്യം നിറച്ച ചാക്കുകള്‍ തള്ളുന്നത് പതിവാണ്. മാലിന്യം തള്ളുന്നവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.