മഴ കനത്തു; ഡാമുകളിൽ ജലനിരപ്പ് ഉയർന്നുതുടങ്ങി

മൂലമറ്റം: ഒരാഴ്ചയായി പെയ്യുന്ന ശക്തമായ മഴയിൽ സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ ഡാമുകളിലെ ജലനിരപ്പ് ഉയർന്നുതുടങ്ങി. ഒരു ശതമാനത്തിന്‍റെ വർധനയാണ്​ കഴിഞ്ഞ നാലുദിവസംകൊണ്ട് ഉണ്ടായത്. വൈദ്യുതി വകുപ്പിന്‍റെ ഡാമുകളിൽ എല്ലാം കൂടി 34 ശതമാനം ജലമാണ് ശേഷിക്കുന്നത്. ഈ ജലം ഉപയോഗിച്ച് 1401.234 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാം. കഴിഞ്ഞവർഷം ഇതേസമയം 1424.28 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം അവശേഷിച്ചിരുന്നു. ഇത് നിലവിലേതിനെക്കാൾ 23.046 ദശലക്ഷം യൂനിറ്റ് അധികം വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമാണ്. മേയ് 18 മുതലാണ് വൈദ്യുതി വകുപ്പിന്‍റെ ഡാമുകളിൽ ജലനിരപ്പ് ഉയർന്നുതുടങ്ങിയത്. ഈ കാലയളവിൽ പ്രതീക്ഷച്ചതിനെക്കാൾ മൂന്നിരട്ടി മഴ ലഭിച്ചു. ഈ മാസം 21വരെ പ്രതീക്ഷിച്ചത് 92.129 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ഒഴുകിയെത്തുമെന്നാണ്. എന്നാൽ, 303.764 ദശലക്ഷം യൂനിറ്റ്​ ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ഒഴുകിയെത്തി. ഇടുക്കി 23.48 ദശലക്ഷം യൂനിറ്റ്, പമ്പ 6.35 ദശലക്ഷം യൂനിറ്റ്​, ഷോളയാർ 1.01, ഇടമലയാർ 1.82, കുണ്ടള 2.26, നേര്യമംഗലം 4.166, പൊരിങ്ങൽകുത്ത് 1.56 എന്നിങ്ങനെയാണ്​ ശനിയാഴ്ച ഡാമുകളിൽ ഒഴുകിയെത്തിയ വെള്ളം ഉപയോഗിച്ച്​ ഉൽപാദിപ്പിക്കാവുന്ന വൈദ്യുതിയുടെ അളവ്​. ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ ലഭിച്ചതോടെയാണ് നീരൊഴുക്ക് വർധിച്ചത്. ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് ശനിയാഴ്ച 31 മില്ലിമീറ്റർ മഴ ലഭിച്ചു. പമ്പ 42 മില്ലിമീറ്റർ, കക്കി 19, ഷോളയാർ 46, ഇടമലയാർ 19, കുണ്ടള 16.4, മാട്ടുപ്പെട്ടി 34, പൊൻമുടി 47, നേര്യമംഗലം 39, ലോവർപെരിയാർ 63, കുറ്റ്യാടി എട്ട്​ എന്നിങ്ങനെയാണ് മറ്റു ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് ലഭിച്ച മഴ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.