ദുരിതാശ്വസ ക്യാമ്പുകള്‍ അടിയന്തരമായി തുറക്കണമെന്ന് നാട്ടുകാർ കോട്ടയം: മഴ കനത്തതോടെ ജില്ലയുടെ പടിഞ്ഞാറന്‍മേഖല വെള്ളപ്പൊക്ക ഭീഷണിയില്‍. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിന് മുമ്പുതന്നെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിലായി. ദുരിതാശ്വസ ക്യാമ്പുകള്‍ അടിയന്തരമായി തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജില്ലയുടെ പടിഞ്ഞാറന്‍മേഖലകളായ കുമരകം, തിരുവാര്‍പ്പ്, അയ്മനം തുടങ്ങിയ പഞ്ചായത്തുകളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. മഴ ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോള്‍തന്നെ മേഖലകളിലെ പല വീടുകളും വെള്ളംകയറിയ നിലയിലാണ്. മഴ ഇനിയും ശക്തിപ്രാപിക്കുമ്പോള്‍ പ്രളയസമാനമായ അന്തരീക്ഷമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പലരും ബന്ധുവീടുകളിലേക്കും മറ്റും പലായനം ചെയ്യാനുള്ള തയാറെടുപ്പിലാണ്. വെള്ളംകയറി വീട് മുങ്ങുന്ന അവസ്ഥയെത്തുമ്പോള്‍ മാത്രം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്ന നിലപാടാണ് പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഒഴുകിയെത്തുന്ന വെള്ളം ഇറങ്ങിപ്പോകാൻ കഴിയാത്തതാണ് പടിഞ്ഞാറൻ മേഖല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. മഴക്കാല മുന്നൊരുക്കം പാളിയതും മഴ നേരത്തേ എത്തിയതും പടിഞ്ഞാറൻ മേഖലയെ ആശങ്കയിലാഴ്ത്തി. ....................................... ദുരിതാശ്വാസ ക്യാമ്പ് തുറന്നു തിരുവാർപ്പ് പഞ്ചായത്തിൽ ആദ്യ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. തിരുവാർപ്പ് ഗവ. യു.പി സ്കൂൾ കെട്ടിടത്തിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. മാധവശ്ശേരി കോളനിയിലെ ഏഴ് കുടുംബങ്ങളിൽനിന്ന് 14പേരാണ് ഇപ്പോൾ ക്യാമ്പിലുള്ളത്. റവന്യൂ വകുപ്പും പഞ്ചായത്തും ആരോഗ്യവിഭാഗവും സംയുക്തമായാണ് ക്യാമ്പിലെ സജ്ജീകരണങ്ങൾ ഒരുക്കിയത്. ഭക്ഷണം, അവശ്യസാധനങ്ങളടക്കമുള്ളവ ഒരുക്കിയിട്ടുണ്ടെന്ന് തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്‍റ് അജയൻ കെ.മേനോൻ പറഞ്ഞു. ........................................ പകർച്ചവ്യാധി ഭീഷണി വീട്ടുമുറ്റത്തടക്കം വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യമാണ്. പകർച്ചവ്യാധി ഭീഷണിയിലാണ് പ്രദേശവാസികൾ. എലിപ്പനിയും ഡെങ്കിപ്പനിയും മുൻവർഷങ്ങളിൽ പടർന്നുപിടിച്ച മേഖല കൂടിയാണിവിടം. ആരോഗ്യവകുപ്പിന്‍റെയും പഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിച്ചു. ....................................... അയ്മനം പഞ്ചായത്ത് പരിധിയിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന നിരവധി പ്രദേശങ്ങളുണ്ട്. എന്നാൽ, ഇപ്പോഴത്തെ അവസ്ഥയിൽ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ദുരിതാശ്വാസ ക്യാമ്പുകൾക്കായി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ തയാറാക്കിവെച്ചിട്ടുണ്ട്. ആവശ്യംവന്നാൽ തുറന്നുകൊടുക്കും. തോടുകളും ചാലുകളും ആഴംകൂട്ടിയതിനാൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയില്ല. - സബിത പ്രേംജി അയ്മനം പഞ്ചായത്ത് പ്രസിഡന്‍റ് ....................................... ക്യാമ്പുകൾ സജ്ജം വെള്ളപ്പൊക്കം ഉണ്ടായാൽ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ കുമരകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ തുറന്നുകൊടുക്കും. കൺട്രോൾ റൂമുകൾ തുറന്നു. ഹെൽപ് ഡെസ്ക് ഉടൻ ആരംഭിക്കും. ജാഗ്രത നിർദേശങ്ങൾ നൽകുന്നുണ്ട്. മഴക്കാല മുന്നൊരുക്കങ്ങളും ഇതിനോടൊപ്പം നടന്നുവരികയാണ്. പകർച്ചവ്യാധിക്കെതിരെ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. - ധന്യ സാബു കുമരകം പഞ്ചായത്ത് പ്രസിഡന്‍റ് ------- എല്ലാം സജ്ജം മഴക്കാല മുന്നൊരുക്കം ഏതാണ്ട് 80 ശതമാനത്തോളം പൂർത്തിയായി. തോടുകളും ചാലുകളും ആഴംകൂട്ടി വരുന്നു. കൺട്രോൾ റൂമും സഹായകേന്ദ്രങ്ങളും പ്രവർത്തനം ആരംഭിച്ചു. ഒരു ക്യാമ്പ് തുറന്നു. എല്ലാവിധ തയാറെടുപ്പുകളും പഞ്ചായത്ത് നടത്തുന്നുണ്ട്. -അജയൻ കെ.മേനോൻ തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്‍റ് ----- പടം: KTL Camp തിരുവാർപ്പ് ഗവ. യു.പി സ്കൂൾ കെട്ടിടത്തിൽ തുടങ്ങിയ ക്യാമ്പിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.