കെ.പി.പി.എല്ലിനെ പേപ്പര്‍ വ്യവസായരംഗത്തെ മുന്‍നിര കമ്പനിയാക്കും -മുഖ്യമന്ത്രി

പ്രതീക്ഷിക്കുന്നത്​ 3000 കോടിയുടെ വിറ്റുവരവും അഞ്ചുലക്ഷം മെട്രിക് ടൺ ഉൽപാദന​വും കോട്ടയം: രാജ്യത്തെ പേപ്പര്‍ വ്യവസായരംഗത്തെ മുന്‍നിര കമ്പനിയാക്കി കേരള പേപ്പർ പ്രോഡക്ട്​സ്​ ലിമിറ്റഡിനെ (കെ.പി.പി.എൽ) മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വെള്ളൂരില്‍ കെ.പി.പി. എല്ലിന്‍റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നാലുഘട്ടത്തിലെ വികസനപ്രവര്‍ത്തനം പൂര്‍ത്തിയാക്കുമ്പോള്‍ 3000 കോടിയുടെ വിറ്റുവരവും അഞ്ച് ലക്ഷം മെട്രിക് ടൺ ഉൽപാദനവുമാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്കരണത്തിനൊരുങ്ങിയ ഒരു സ്ഥാപനം ഇത്തരത്തില്‍ അഭിവൃദ്ധിപ്പെടുത്താനായതില്‍ ഭരണ- പ്രതിപക്ഷ ഭേദമന്യേ മുഴുവന്‍ അംഗങ്ങളുടെയും തൊഴിലാളി സംഘടനകളുടെയും പൊതുജനങ്ങളുടെയും പങ്കുണ്ട്. ഒരു നാടിന് ഉണ്ടാകേണ്ട ആരോഗ്യകരമായ സമീപനം എല്ലാവരില്‍നിന്ന്​ ലഭിച്ചെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. ഒന്നാം ഘട്ടത്തില്‍ പേപ്പര്‍ മെഷീന്‍, ഡീ ഇങ്കിങ്​ പ്ലാന്‍റ്​, പവര്‍ ബോയ്‌ലര്‍, മറ്റനുബന്ധ യന്ത്രോപകരണങ്ങള്‍ എന്നിവയുടെ പുനരുദ്ധാരണം 34.30 കോടി ചെലവില്‍ അഞ്ചു മാസത്തിനകം പൂര്‍ത്തീകരിക്കാനായി. ആദ്യ രണ്ടു ഘട്ടത്തിലായി 154.39 കോടിയാണ് ചെലവിടുന്നത്. 1000 കോടി മുടക്കി 46 മാസം കൊണ്ട് മൂന്നാമത്തെയും നാലാമത്തെയും ഘട്ടങ്ങളും പൂര്‍ത്തീകരിക്കും. പാക്കേജിങ്ങുമായി ബന്ധപ്പെട്ട പേപ്പര്‍ ഉൽപാദനം നടത്തി പ്രവര്‍ത്തനം വൈവിധ്യവത്കരിക്കാനുള്ള കെ.പി.പി.എല്ലിന്‍റെ ശ്രമം അഭിനന്ദനാര്‍ഹമാണ്. മെഷീനുകളുടെ സ്വിച്ച് ഓണും കെ.പി.പി.എൽ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. വ്യവസായ-നിയമമന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. സഹകരണ-രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ വിശിഷ്ടപ്രഭാഷണം നടത്തി. എം.പിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, എം.എൽ.എമാരായ സി.കെ. ആശ, അഡ്വ. മോൻസ് ജോസഫ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിർമല ജിമ്മി, മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്, മുൻ എം.എൽ.എമാരായ കെ.ജെ. തോമസ്, അഡ്വ. കെ. സുരേഷ് കുറുപ്പ്, സ്റ്റീഫൻ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.വി. സുനിൽ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയും കെ.പി.പി.എൽ ചെയർമാനുമായ എ.പി.എം. മുഹമ്മദ് ഹനീഷ്, ജില്ല കലക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ല പൊലീസ് മേധാവി ഡി. ശിൽപ, സ്പെഷൽ ഓഫിസർ പ്രസാദ് ബാലകൃഷ്ണൻ നായർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.