കാലവർഷം: മുന്നൊരുക്കം വിലയിരുത്തി

കോട്ടയം: നദീതീരങ്ങളിലും പാലങ്ങൾക്ക്​ സമീപവും അടിഞ്ഞുകൂടിയ മാലിന്യം അടിയന്തരമായി നീക്കി നീരൊഴുക്ക്​ സുഗമമാക്കാൻ ജലസേചന, പൊതുമരാമത്ത് വകുപ്പുകൾക്ക് കലക്ടർ നിർദേശം നൽകി. കാലവർഷ മുന്നൊരുക്കം വിലയിരുത്തുന്നതിനായി കലക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ കൂടിയ വിവിധ വകുപ്പു മേധാവികളുടെ യോഗത്തിലാണ് നിർദേശം. നദികളിലെ മാലിന്യം നീക്കുന്നതിന് മൈനർ, മേജർ ജലസേചന വകുപ്പുകൾ നടപടി സ്വീകരിക്കുന്നുണ്ട്. പാലത്തിലും മറ്റും അടിഞ്ഞുകൂടിയ മാലിന്യം നീക്കുന്നതിന്‍റെ പുരോഗതി പൊതുമരാമത്ത് വകുപ്പ് പരിശോധിച്ച് ഉറപ്പാക്കണം. അപകടകരമായി നിൽക്കുന്ന മരങ്ങളും ശിഖിരങ്ങളും മുറിച്ചുമാറ്റുന്നതിന് അതത് സ്ഥാപനങ്ങളും വകുപ്പുകളും നിയമനടപടി സ്വീകരിക്കണം. അടിയന്തര സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിന് മുൻകൂർ നടപടി സ്വീകരിക്കാൻ ദുരന്തനിവാരണ വകുപ്പിനും തഹസിൽദാർമാർക്കും വില്ലേജ് ഓഫിസർമാർക്കും നിർദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കാനുള്ള മുന്നൊരുക്കം നടത്താൻ ഭക്ഷ്യസുരക്ഷ വകുപ്പിനോട് നിർദേശിച്ചു. കാലവർഷം വരുദിവസങ്ങളിൽ ശക്തമാകാനിടയുള്ള സാഹചര്യത്തിൽ പ്രതിസന്ധികളെ തരണംചെയ്യാൻ എല്ലാ വകുപ്പുകളും സജ്ജമായിരിക്കണമെന്ന് കലക്ടർ പറഞ്ഞു. റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റൽ; അപേക്ഷ ഇനി ഓൺലൈനായി മാത്രം കോട്ടയം: റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ഇനി മുതൽ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ. അപേക്ഷ മേയ് 19 മുതൽ ജൂൺ 30വരെ ഓൺലൈനായി നൽകാം. അക്ഷയ സെന്‍ററുകൾ മുഖേനയും സിറ്റിസൺ ലോഗിൻ മുഖേനയും അപേക്ഷ നൽകാം. അക്ഷയ സെന്‍ററുകൾ മുഖേന അപേക്ഷ നൽകുന്നതിന് 25 രൂപയാണ് സർവിസ് ചാർജ്. ജില്ലയിൽ മൂന്നുദിവസം യെല്ലോ അലർട്ട് കോട്ടയം: ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക്​ സാധ്യതയുള്ളതിനാൽ 14, 15, 16 തീയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. 17വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക്​ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.