ശാസ്താംകോട്ടയിലെ വാട്ടർ ട്രീറ്റുമെന്‍റ് പ്ലാന്‍റുകളിലേക്കുള്ള റോഡ് കാട് മൂടി കിടക്കുന്നു 

സംരക്ഷണമില്ലാതെ വാട്ടർ ട്രീറ്റ്മെന്‍റ് പ്ലാന്‍റുകൾ

ശാസ്താംകോട്ട: കൊല്ലം നഗരത്തിൽ ഉൾപ്പെടെ ജില്ലയിലെ ലക്ഷക്കണക്കിന് ആളുകൾക്ക് ശാസ്താംകോട്ട തടാകത്തിൽനിന്ന് ശുദ്ധജല വിതരണം ചെയ്യുന്ന വാട്ടർ ട്രീറ്റ്മെന്‍റ് പ്ലാന്‍റുകൾക്ക് സംരക്ഷണമില്ല. പരിസരങ്ങളും പ്ലാന്‍റിനുള്ളിലും കാട് മൂടി കിടക്കുന്ന ഇവിടെ മാലിന്യം തള്ളുന്നതും വർധിക്കുന്നു.

പ്രധാനമായും മൂന്ന് പ്ലാന്‍റുകളാണ് ഇവിടെയുള്ളത്. കൊല്ലം നഗരത്തിലേക്കും സമീപ പ്രദേശങ്ങളിലും കുടിവെള്ള വിതരണം ചെയ്യുന്ന പ്രധാന ട്രീറ്റ്മെന്‍റ് പ്ലാന്‍റ് ശാസ്താംകോട്ട - ചവറ റോഡിന് സമീപമാണ്. മറ്റൊന്ന് ചവറ കുടിവെള്ള പദ്ധതിയുടെയും മറ്റൊന്ന് സുനാമി മേഖലകളിലേക്കുള്ള കുടിവെള്ളം വിതരണം ചെയ്യുന്ന പ്ലാന്‍റുമാണ്.

ഇവ പൈപ്പ് റോഡിന് സമീപവുമാണ്. ഈ ഭാഗങ്ങളാണ് പ്രധാനമായും കാടുകയറി കിടക്കുന്നത്. പ്ലാന്‍റുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പമ്പ് ഹൗസ് കരുനാഗപ്പള്ളി - ശാസ്താംകോട്ട പ്രധാന റോഡിന് തെക്കുവശം തടാകതീരത്താണ്.

ഇവിടെ സംരക്ഷിത മേഖലയാണെന്ന് കാണിച്ച് ബോർഡ് സ്ഥാപിച്ചിട്ടുണ്ടങ്കിലും ഒരുവിധ സംരക്ഷണവുമില്ല എന്നതാണ് യാഥാർഥ്യം. ആർക്കും ഏത് സമയവും കയറിപ്പോകാമെന്ന ഇടമായി ഇവിടം മാറിയിട്ടുണ്ട്.

സാമൂഹികവിരുദ്ധ ശല്യവും മദ്യപശല്യവും രൂക്ഷമാണ്. വർഷങ്ങൾക്ക് മുമ്പ് കാവൽക്കാരെ ഉൾപ്പെടെ വിന്യസിച്ച് സംരക്ഷിച്ചു വന്നിരുന്ന സ്ഥലത്ത് ഇപ്പോൾ സംരക്ഷിത മേഖലയാണ് എന്ന ബോർഡ് മാത്രം അവശേഷിച്ചിട്ടുണ്ട്.

Tags:    
News Summary - Water treatment plants without protection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.