മൈനാഗപ്പള്ളി റെയിൽവേ ഗേറ്റ് തുറക്കാൻ കാത്തുനിൽക്കുന്ന യാത്രക്കാർ
ശാസ്താംകോട്ട: ആറ് റെയിൽവേ ഗേറ്റുകൾ കൊണ്ട് പൊറുതിമുട്ടിയ മൈനാഗപ്പള്ളിക്കാർ റെയിൽവേ മേൽപാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു. കരുനാഗപ്പള്ളി മാളിയേക്കൽ മേൽപാലത്തിന്‍റെ നിർമാണം അവസാന ഘട്ടത്തിലേക്ക് അടുക്കുകയും ചിറ്റുമൂല മേൽപാലത്തിന്‍റെ പ്രാഥമിക നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടും മൈനാഗപ്പള്ളിയിൽ ഒന്നുമായില്ല.
പ്രധാന പാതയായ കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിൽ യാത്ര ചെയ്യുന്നവർക്ക് മൈനാഗപ്പള്ളി ഗേറ്റും കരുനാഗപ്പള്ളി മാളിയേക്കൽ ഗേറ്റും കടക്കണം. പ്രതിദിനം 150ഓളം ട്രെയിനുകൾ സർവിസുള്ളതിനാൽ ഒട്ടുമിക്ക നേരങ്ങളിലും ഗേറ്റുകൾ അടഞ്ഞുകിടക്കും.
അര മണിക്കൂർ വരെ ചില അവസരങ്ങളിൽ ഗേറ്റ് അടഞ്ഞുകിടക്കുമെന്നതിനാൽ യാത്രക്കാർക്ക് ലക്ഷ്യസ്ഥാനങ്ങളിൽ കൃത്യസമയത്ത് എത്തിച്ചേരാൻ കഴിയാറില്ല. അത്യാഹിതങ്ങളിൽപ്പെട്ട് വരുന്ന രോഗികൾക്ക് മുന്നിൽ ഗേറ്റ് തുറക്കാൻ കഴിയാത്തതിനാൽ മരണം സംഭവിച്ചത് നിരവധിയാണ്.
ഇതിനെതുടർന്നാണ് മൈനാഗപ്പള്ളിയിൽ മേൽപാലം നിർമിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് പ്രക്ഷോഭം തുടങ്ങിയത്. 2012 മാർച്ചിൽ മൈനാഗപ്പള്ളിയിൽ മേൽപാലത്തിന് റെയിൽവേയുടെ അനുമതി ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞിരുന്നു.
െഡപ്പോസിറ്റ് വർക്ക് ആയതിനാൽ ചെലവിന്‍റെ മൂന്നിലൊന്ന് സംസ്ഥാനസർക്കാർ വഹിക്കണമെന്നും ഇതിന്‍റെ കാര്യത്തിൽ എം.എൽ.എ അലംഭാവം കാട്ടുകയാണന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, മൈനാഗപ്പള്ളി മേൽപാല നിർമാണം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 48 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ളതായി കോവൂർ കുഞ്ഞുമോൻ എം.എൽ.എ പറയുന്നു. എന്തുതന്നെ ആയാലും ജനം ഗേറ്റിന് മുന്നിൽ വിലപ്പെട്ട സമയം ഹോമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.