representational image
ശാസ്താംകോട്ട: ഭരണിക്കാവ് ടൗണിൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണവും മോഷണശ്രമവും പതിവാകുന്നു. അർധരാത്രി കടകളുടെ പൂട്ട് തകർത്താണ് മോഷണം നടത്തുന്നത്. ചക്കുവള്ളി റോഡിലെ ഹോട്ടലിന്റെ പൂട്ട് തകർത്ത് പതിനായിരം രൂപയും പറ്റ്ബുക്കും കവർന്നു.
സായാ ഡിസൈൻസ് എന്ന വസ്ത്രവ്യാപാരശാലയിൽ പൂട്ട് കുത്തിത്തുറന്ന് മോഷണശ്രമം നടന്നു. കടയുടെ ഗ്ലാസ് എറിഞ്ഞുതകർക്കുകയും ചെയ്തു. കടയിൽ വെച്ചിരുന്ന ബൈക്ക് എടുക്കാൻ രാവിലെ ഉടമ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഷട്ടറിന്റെ താഴ് തകർത്ത് വലിച്ചെറിഞ്ഞ നിലയിലായിരുന്നു. 50000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ചക്കുവള്ളി റോഡിൽ തന്നെ മറ്റൊരു സ്ഥാപനത്തിന്റെ പൂട്ട് തകർത്ത് മോഷണം നടത്താനും ശ്രമമുണ്ടായി. ഭരണിക്കാവ് ടൗണിന് തൊട്ടടുത്തുള്ള പനപ്പെട്ടി ആശ്രമം ദേവീക്ഷേത്രത്തിൽ മോഷണശ്രമം നടന്നതും ഏതാനും ദിവസം മുമ്പാണ്.
കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം കവരാൻ ശ്രമിച്ച മോഷ്ടാവിന്റെ ചിത്രം നിരീക്ഷണ കാമറയിൽ നിന്ന് ലഭിച്ചിട്ടും കണ്ടെത്താൻ ശാസ്താംകോട്ട പൊലീസിനു കഴിഞ്ഞിട്ടില്ല. കുന്നത്തൂർ താലൂക്കിലെ പ്രധാന ടൗണായ ഭരണിക്കാവിലെ തുടർച്ചയായ മോഷണത്തിനുകാരണം പൊലീസിന്റെ നിഷ്ക്രിയത്വമാണെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.