ശാസ്താംകോട്ട: പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകതൊഴിലാളി മരിച്ച സംഭവത്തിൽ ശൂരനാട് പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടു പേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പോരുവഴി അമ്പലത്തുംഭാഗം ദിനിൽ ഭവനിൽ ഗോപി (69), കണിയാകുഴി വീട്ടിൽ ശശി (70) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. കർഷകതൊഴിലാളിയായ അമ്പലത്തുംഭാഗം ചിറയിൽ വീട്ടിൽ സോമൻ (52) കഴിഞ്ഞ ദിവസം ഷോക്കേറ്റ് മരിച്ചിരുന്നു.
അയൽവാസികളും ബന്ധുക്കളുമാണ് പ്രതികൾ ഇരുവരും. ഗോപിയുടെ വീട്ടിൽ നിന്നാണ് ശശി തന്റെ കൃഷിയിടത്തിലെ വേലിയിലേക്ക് വൈദ്യുതി കടത്തിവിട്ടിരുന്നത്. വസ്തു ഉടമയായ ശശിയാണ് സോമനെ മരിച്ചനിലയിൽ കണിയാകുളം ഏലായിൽ രാവിലെ എട്ടോടെ ആദ്യം കണ്ടതും നാട്ടുകാരെ വിവരമറിയിച്ചതും. കാട്ടുപന്നിയെ തുരത്താൻ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി കെണിക്ക് അരികിലൂടെ നടന്നുപോകവേ അറിയാതെ സ്പർശിച്ച് ഷോക്കേറ്റതാകാം മരണകാരണമെന്നാണ് നിഗമനം.
പോരുവഴി പഞ്ചായത്തിലെ മുഴുവൻ ഏലാകളിലും കാട്ടുപന്നിശല്യം രൂക്ഷമാണ്. കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നതും മനുഷ്യരെ ആക്രമിക്കുന്നതും പതിവായിട്ടും പഞ്ചായത്ത് ശക്തമായ നടപടി സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ കർഷകർ സ്വന്തം നിലയ്ക്ക് പന്നിയെ തുരത്താൻ രംഗത്തിറങ്ങിയതാണ് ഒരു ജീവൻ നഷ്ടപ്പെടുന്ന തരത്തിലേക്ക് മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.