മൈനാഗപ്പള്ളി മണ്ണൂർക്കാവിലെ റെയിൽവേ ഗേറ്റ്
ശാസ്താംകോട്ട: മൈനാഗപ്പള്ളി മണ്ണൂർക്കാവ് റെയിൽവേ ഗേറ്റിൽ കൂടി യാത്രചെയ്യാൻ ജീവൻ പണയപ്പെടുത്തേണ്ട സ്ഥിതി. പ്രത്യേകിച്ചും ഇരുചക്ര വാഹന യാത്രക്കാർ. ട്രാക് നവീകരണം നടക്കുമ്പോൾ റെയിൽവേ ഗേറ്റിനുള്ളിലൂടെ കടന്ന് പോകുന്ന റോഡിലെ യാത്ര സുഗമമാക്കാൻ പാകിയിരിക്കുന്ന സിമന്റ് കട്ടകൾ ഇളക്കി മാറ്റുകയും പിന്നീട് ഇവ വേണ്ട വിധത്തിൽ വീണ്ടും ഉറപ്പിക്കാത്തതും ടാറിങ് നടത്താത്തതും കാരണം ഇവിടെ അപകടം ഒളിഞ്ഞിരിക്കുകയാണ്.
ഇതിലേക്ക് വാഹനം കയറ്റാൻ ശ്രമിക്കുമ്പോൾ മറിഞ്ഞാണ് അപകടം ഉണ്ടാകുന്നത്. മറ്റ് വാഹനങ്ങളുടെ അടിയിൽപ്പെട്ടാൽ വലിയ ദുരന്തമാണ് ഉണ്ടാകുക. ഈ ഗേറ്റ് അടച്ച്പൂട്ടുന്നതിന്റെ ഭാഗമായി റെയിൽവേ അധികൃതർ ഒരു വർഷം മുമ്പ് ട്രാക്കിന്റെ ഇരുവശവും കിടങ്ങ് തീർത്തിരുന്നു. വ്യാപകമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പിന്നീട് ഈ തീരുമാനത്തിൽ നിന്ന് റെയിൽവേ പിൻവാങ്ങുകയും കിടങ്ങുകൾ മണ്ണിട്ട് പൂർവ്വസ്ഥിതിയിലാക്കുകയും ചെയ്തിരുന്നു.
ഇങ്ങനെ ഇട്ട മണ്ണ് താഴ്ന്നതോടെ ഇവിടെ കുഴിയും രൂപപ്പെട്ടിട്ടുണ്ട്. കരുനാഗപ്പള്ളി ശാസ്താംകോട്ട റോഡിലെ മൈനാഗപ്പള്ളി പ്രധാന ഗേറ്റ് തകരാർ മൂലമോ അറ്റകുറ്റപ്പണികൾക്ക് വേണ്ടി അടച്ചിടുമ്പോൾ ഈ ഗേറ്റാണ് പകരമായി ഉപയോഗിക്കുന്നത്. വലിയ വാഹന തിരക്കായിരിക്കും ഈ സമയം.
കൂടാതെ തെക്കൻ മൈനാഗപ്പള്ളി, തോട്ടുമുഖം മേഖലയിലേക്കും ചിത്തിരവിലാസം സ്കൂൾ, മണ്ണൂർക്കാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിലേക്കും പോകേണ്ടത് ഇതുവഴിയാണ്. അടിയന്തിരമായി ഇവിടെ ഗതാഗതയോഗ്യമാക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം. വേങ്ങ കാവൽപ്പുര റെയിൽവേ ഗേറ്റിലും സമാന സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.