ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ
കൊല്ലം, കുന്നത്തൂർ, അടൂർ, കൊട്ടാരക്കര താലൂക്കുകളിലെയും കരുനാഗപ്പള്ളി താലൂക്കിൽപ്പെടുന്ന പന്മന, തേവലക്കര തെക്കുംഭാഗം എന്നീ പഞ്ചായത്തുകളിലെയും ജനങ്ങൾ യാത്രക്കായി ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനിൽ ഇൻറർസിറ്റി, മാവേലി, ജയന്തി ജനത, തിരുപ്പതി, ഏറനാട് എക്സ്പ്രസുകൾക്ക് സ്റ്റോപ്പില്ല; പ്രത്യേകിച്ചും ആലപ്പുഴ വഴിയുള്ള ട്രെയിനുകൾക്ക്.
ടിക്കറ്റിനും റിസർവേഷനും തത്കാലിനുമെല്ലാം ഒറ്റ കൗണ്ടർ മാത്രമുള്ളത് ഇവിടെയെത്തുന്ന നൂറുകണക്കിന് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. രണ്ടുവർഷം മുമ്പ് പുതിയ സ്റ്റേഷൻ കെട്ടിടം പണിതെങ്കിലും ഇവിടെ ബെഞ്ച്, കസേര, ഫാൻ എന്നിവയില്ല. പ്ലാറ്റ്ഫോമിന് പൂർണമായും മേൽക്കൂര ഇല്ലാത്തതിനാൽ മഴയും വെയിലുമേറ്റ് നിൽക്കേണ്ട അവസ്ഥയാണ്. മൂത്രപ്പൂര, കുടിവെള്ളം, വെളിച്ചം തുടങ്ങിയവയുടെ അപര്യാപ്തതയുമുണ്ട്. കാടുപടർന്ന പ്ലാറ്റ്ഫോം കാര്യമായ പ്രതിഷേധം ഉണ്ടാകുമ്പോൾ മാത്രമാണ് വെട്ടിത്തെളിക്കുക.
പ്രധാന ജങ്ഷനുകളിൽനിന്ന് കിലോമീറ്ററുകൾ ഉള്ളിലുള്ള റെയിൽവേ സ്റ്റേഷനിലേക്ക് ഒരു സ്ഥലത്തുനിന്നും ബസ് സർവിസ് ഇല്ല. ഇതിനാൽ യാത്രക്കാർ ഇരുചക്രവാഹനങ്ങളെയോ ഓട്ടോയെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. അല്ലെങ്കിൽ കാൽനട തന്നെ ശരണം. ഇവിടേക്കുള്ള എല്ലാ റോഡുകളും ഗതാഗതം അസാധ്യമായി തകർച്ചയിലാണ്. റെയിൽവേ ഗേറ്റോ അടിപ്പാതയോ ഇല്ലാത്തതിനാൽ റെയിൽവേസ്റ്റേഷന് തെക്ക് ഭാഗത്തുള്ള പ്രദേശവാസികളും രണ്ടാമത്തെ പ്ലാറ്റ് ഫോമിലെ യാത്രക്കാരും ഏറെ ബുദ്ധിമുട്ടിലാണ്.
കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്, ലൂപ് ലൈൻ ഒഴിവാക്കി മധ്യഭാഗത്ത് പ്ലാറ്റ് ഫോം പണിയുക, സി.സി.ടി.വി, സ്ത്രീകൾക്കായി വിശ്രമകേന്ദ്രം, ആധുനിക ടോയ്ലറ്റ് സൗകര്യം തുടങ്ങിയ ആവശ്യങ്ങളുമായി വിവിധ സംഘടനകളും യാത്രക്കാരും പ്രദേശവാസികളും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.