ശിവപ്രസാദ്
ശാസ്താംകോട്ട: ശൂരനാട് വടക്ക് പുലിക്കുളത്ത് തിരുവോണദിവസം പുലർച്ചെ പൊലീസിനെ ആക്രമിച്ച കേസിൽ മുഖ്യപ്രതി കീഴടങ്ങി. ശൂരനാട് വടക്ക് പുലിക്കുളം കൊട്ടക്കാട്ട് പടീറ്റതിൽ ശിവപ്രസാദ് (27) ആണ് ശൂരനാട് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങിയത്. ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്നാണ് കീഴടങ്ങിയത്.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ശിവപ്രസാദിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. തിരുവോണ ദിവസം പുലർച്ചെ 1.30ന് മൈക്ക് ഓഫ് ചെയ്യുന്നില്ലെന്ന വിവരത്തെ തുടർന്നാണ് പൊലീസ് സംഘം പുലിക്കുളം വലിയതറക്കടവ് ക്ഷേത്ര ഗ്രൗണ്ടിൽ എത്തിയത്. നിർദേശം അവഗണിക്കുകയും ആൾക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുകയുമായിരുന്നു എന്നാണ് പൊലീസ് കേസ്.
ആക്രമണത്തിൽ പരിക്കേറ്റ എസ്.ഐ ദീപുപിള്ളയെ ആദ്യം ശാസ്താംകോട്ട താലൂക്കാശുപത്രിയിലും വിദഗ്ധ ചികിത്സക്കായി പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. വിനയൻ, കിഷോർ എന്നിവർക്കും പരിക്കേറ്റിരുന്നു. സംഭവസ്ഥലത്തുനിന്ന് നാലുപേരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയും കണ്ടാലറിയാവുന്ന 12 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് പൊലീസ് പ്രദേശത്ത് വ്യാപകമായ അതിക്രമം നടത്തി. സ്ത്രീകൾക്കും കുട്ടികൾക്കും അടക്കം നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പൊലീസ് അതിക്രമത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.