ശാസ്താംകോട്ട: അൻവാർശ്ശേരിയിൽ പ്രാർഥന സംഗമത്തിനിടെയാണ് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്ക് ജാമ്യവ്യവസ്ഥയിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചെന്ന വിവരം എത്തുന്നത്. മഅ്ദനി നേതൃത്വം നൽകുന്ന മതപഠനശാലയായ അൻവാർശ്ശേരിയിലെ പ്രധാനപ്പെട്ട ദിവസമാണ് റമദാൻ മാസത്തിലെ 27-ാം രാവിനോടനുബന്ധിച്ചുള്ള പ്രാർഥനാ സംഗമം.
അൻവാർശ്ശേരി ആരംഭിച്ച കാലം മുതൽ ഇത് നടത്തിവരുന്നു. മഅദ്നിയുടെ അസാന്നിധ്യത്തിലും മുടക്കമില്ലാതെ നടന്നുവരികയാണ്. നൂറുകണക്കിനാളുകൾ പങ്കെടുക്കുന്നുണ്ട്. തിങ്കളാഴ്ച വൈകീട്ട് പ്രാർഥന സംഗമം ആരംഭിച്ചപ്പോഴാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച വിവരം അറിയുന്നത്. മൂന്ന് മാസം നാട്ടിൽ കഴിയുന്നതിനാണ് മഅദ്നിക്ക് സുപ്രീംകോടതി അനുമതി നൽകിയത്.
രോഗബാധിതനായി കിടപ്പിലായ പിതാവിനെ കാണാനാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിചത്. മഅദ്നിയുടെ പിതാവ് അബ്ദുൽ സമദ് മാസ്റ്റർ കുടുംബ വീടായ തോട്ടുവാൽ മൻസിലിലാണ് കഴിയുന്നത്. ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച വിവരം പിതാവിനെയും അറിയിച്ചു. അദ്ദേഹവും സന്തോഷത്തിലാണ്. കോടതി നടപടികൾ പൂർത്തീകരിച്ച് ബുധനാഴ്ച നാട്ടിലെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മറ്റ് കുടുംബാംഗങ്ങൾ. അങ്ങനെയെങ്കിൽ പെരുന്നാൾ ദിനത്തിൽ മഅ്ദനി നാട്ടിലുണ്ടാകും.
2018 നവംബറിലാണ് ഏറ്റവുമൊടുവിൽ മഅ്ദനി ജാമ്യവ്യവസ്ഥയിൽ ഇളവ് നേടി നാട്ടിലെത്തിയത്. രോഗബാധിതയായി കഴിഞ്ഞ മാതാവിനെ കാണാനാണ് അന്ന് നാട്ടിൽ എത്തിയത്. മഅ്ദനി തിരിച്ചു പോകുന്നതിന് ഏതാനും ദിവസം മുമ്പ് മാതാവ് മരണപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.