ശാസ്താംകോട്ട: റെയിൽവേ യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഏറനാട് എക്സ്പ്രസിന് ഈ മാസം 3 മുതൽ ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ അധികൃതർ ഔദ്യോഗികമായി അറിയിച്ചതായി കൊടികുന്നിൽ സുരേഷ് എം.പി അറിയിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി നടത്തിയ നിരന്തരമായ ഇടപെടലുകളും പരിശ്രമങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിൽ.
ആലപ്പുഴ വഴി സർവീസ് നടത്തുന്ന ഏറനാട് എക്സ്പ്രസിന് സ്റ്റോപ്പ് ലഭിച്ചതോടെ ശാസ്താംകോട്ടയും പരിസര പ്രദേശങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസം ലഭിക്കും. ഏറെ താമസിയാതെ തന്നെ മംഗലാപുരം - തിരുവനന്തപുരം എക്സ്പ്രസ്, ആലപ്പുഴ വഴി സർവീസ് നടത്തുന്ന മാവേലി എക്സ്പ്രസ് എന്നിവക്കും ശാസ്താംകോട്ടയിൽ സ്റ്റോപ്പ് ലഭ്യമാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.
കൂടാതെ, ഇന്റർസിറ്റി എക്സ്പ്രസിന്റെ സ്റ്റോപ്പിനായുള്ള പരിശ്രമങ്ങളും തുടർന്നു വരികയാണ്. കഴിഞ്ഞാഴ്ച അനുവദിച്ച ഏഴു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ യാത്രക്കാർക്ക് മികവുറ്റ സൗകര്യങ്ങൾ നൽകുന്ന മാതൃകാ സ്റ്റേഷനായി മാറും.
നിലവിൽ അനുവദിക്കപ്പെടുന്ന ഭൂരിപക്ഷം സ്പെഷ്യൽ ട്രെയിനുകൾക്കും, യാത്രക്കാരുടെ ആവശ്യം മാനിച്ച് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് ഉറപ്പാക്കാൻ വേണ്ടിയുള്ള ഇടപെടലുകൾ തുടർച്ചയായി നടത്തിവരുന്നുവെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.