ശാസ്താംകോട്ട: കുന്നത്തൂർ താലൂക്ക് വികസന സമിതിയോഗം നടന്നു. പൊതുചർച്ചയിൽ ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി നേതാക്കളും വിവിധ വിഷയങ്ങൾ ഉന്നയിച്ചു. വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ കനാലുകൾ അടിയന്തിരമായി വൃത്തിയാക്കണമെന്ന ആവശ്യം ഉയർന്നു.
മിനി സിവിൽസ്റ്റേഷനിലെ ഓഫീസുകൾക്ക് വെള്ളം ലഭിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുന്നതിന് കേരള വാട്ടർ അതോറിറ്റി അസി. എക്സി. എഞ്ചിനീയർക്ക് നിർദ്ദേശം നല്കി.
താലൂക്കിലേക്ക് അനുവദിച്ച കുടുംബകോടതി പ്രവർത്തനത്തിന് കെട്ടിടം അനുവദിക്കുന്നതിന് പഞ്ചായത്ത് കെട്ടിടത്തിൽ സ്ഥലം ലഭ്യമല്ലാത്ത സാഹചര്യത്തിൽ സബ് രജിസ്റ്റാർ ഓഫീസ് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടത്തിന്റെ സാധ്യത പരിശോധിക്കുന്നതിന് തീരുമാനിച്ചു. ഭരണിക്കാവ് ജങ്ഷനിലെ ട്രാഫിക്ക് ലൈറ്റ് സംവിധാനം
പരിഷ്കരിക്കുന്നതിനും ഓരോ സ്ഥലത്തേക്കും സമയം വർധിപ്പിക്കുന്നതിനും കടപുഴ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് സൗകര്യപ്രദമായി മാറ്റുന്നതിനും ജങ്ഷനിലെ അനധികൃത പാർക്കിങിനെതിരെ നടപടി സ്വീകരിക്കുന്നതിനും മോട്ടോർ വാഹന വകുപ്പ്, പൊലീസ് എന്നിവരെ ചുമതലപ്പെടുത്തി.
വില്ലേജ് ഓഫീസ് പ്രവർത്തനം സംബന്ധിച്ച് പരാതികൾ പരിഹരിക്കുന്നതിന് തഹസിൽദാരെ ചുമതലപ്പെടുത്തി.
ചക്കുവള്ളി-പുതിയകാവ് റോഡിലെ അപകടങ്ങൾ കുറക്കുന്നതിന് പഠനം നടത്തി തീരുമാനം കൈക്കൊള്ളുന്നതിനും തീരുമാനിച്ചു. പെരുമ്പള്ളി മുക്ക് -വെട്ടിക്കാട്ട് ക്ഷേത്രം വരെയുളള റോഡിലെ മൂന്ന് കൾവെർട്ടുകളുടെ നിർമാണം കിഫ്ബി തുടങ്ങിയതായി അറിയിച്ചു.
നവകേരള നിർമിതിയുടെ ഭാഗമായി ഏഴുകോടി രൂപ അനുവദിച്ചതിൽ അഞ്ച് കോടിരൂപ ശാസ്താംകോട്ട കായൽ പുനരുദ്ധാരണ പദ്ധതിയുടെ ഡി.പി.ആർ അംഗീകരിച്ച് നിർമാണം ഉടൻ തുടങ്ങുന്നതാണെന്നും കുറ്റിയിൽമുക്ക്-കിഴക്കടത്ത് മുക്ക്-കോട്ടക്കകത്ത് മുക്ക് റോഡിന് ഒരു കോടിയും കാരാളിമുക്ക്-റെയിൽവെ സ്റ്റേഷൻ റോഡിന് 50 ലക്ഷവും അനുവദിച്ചതായി അറിയിച്ചു.
പോരുവഴി ഗവ. ഐ. റ്റി. ഐ ക്ക് അനുവദിച്ച സ്ഥലം സംബന്ധിച്ച് സാങ്കേതിക തടസ്സങ്ങൾ അടിയന്തിരമായി തീർപ്പാക്കുന്നതിന് പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം അസി എഞ്ചിനീയറെ ചുമതലപ്പെടുത്തി.
പടി. കല്ലട നെൽപ്പുരകുന്നിലെ എസ്.ബി.ഐയുടെ എ.ടി.എം അടിയന്തിരമായി പ്രവർത്തനക്ഷമാക്കുന്നതിന് എസ്.ബി.ഐ ക്ക് നിർദ്ദേശം നൽകുന്നതിന് തീരുമാനിച്ചു.
പി. ഡബ്ല്യു.ഡി ഓഫീസിനും താലൂക്ക് സപ്ലൈ ഓഫീസിനും മുൻ വശത്തെ മാലിന്യങ്ങൾ അടിയന്തിരമായി നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട ഓഫീസ് മേലധികാരികൾക്ക് നിർദ്ദേശം നല്കി.
മൈനാഗപ്പള്ളി കുടിവെള്ള ടാങ്കിന് താഴെത്തെ സ്ഥലത്തും പബ്ലിക്ക് മാർക്കറ്റ് സ്ഥലത്തും സാമൂഹിക വിരുദ്ധ ശല്ല്യവും ലഹരി ഉപയോഗവും കൂടുതലായതിനാൽ ഇതിനെതിരെ നടപടി സ്വീകരിക്കാൻ പോലീസ്, എക്സസൈസ് വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
ശൂരനാട് തെക്ക് വില്ലേജ് ഓഫീസ് നിർമാണത്തിനായി ഒഴിപ്പിച്ചവർക്ക് സ്ഥലം നല്കുന്നതിന് സർക്കാർ തലത്തിൽ ഉത്തരവായതായും തുടർ നടപടികൾ ഉടൻ പൂർത്തിയാകുമെന്നും അറിയിച്ചു. ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസിൽ പട്ടയം സംബന്ധിച്ച് റിപ്പോർട്ട് നല്കുന്നതിന് ശേഷിക്കുന്ന ഫയലുകളിൽ അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നല്കി.
ശൂരനാട് വടക്ക് പഞ്ചായത്തിലെ പൊതുടാപ്പുകൾ നിർത്തലാക്കിയതിൽ വിവേചനമുളളതായും ഇത് പരിശോധിക്കണമെന്നും ആവശ്യം ഉയർന്നു. പോരുവഴി പഞ്ചായത്തിലെ കെ.ഐ.പി റോഡ് നിർമാണത്തിന് പഞ്ചായത്ത് തുക കെട്ടിവെക്കണമെന്ന കെ.ഐ.പിയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും ഇത് പരിശോധിക്കുന്നതിന് ബന്ധപ്പെട്ട അസി എഞ്ചിനീയർക്ക് നിർദ്ദേശം നല്കി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ സുന്ദരേശൻ, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വർഗ്ഗീസ് തരകൻ , കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വൽസലകുമാരി, പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിനു മംഗലത്ത്, വിവിധ രാഷ് ട്രീയപാർട്ടി പ്രതിനിധികളായ തുണ്ടിൽ നൗഷാദ് ,കാരാളി വൈ. എ സമദ്,കുറ്റിയിൽ നിസ്സാം, സാബു ചക്കുവള്ളി, വൈ.ഗ്രിഗറി, വിവിധ വകുപ്പു മേലധികാരികൾ, തഹസിൽദാർ, ഭൂരേഖ തഹസിൽദാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.