വീട്ടമ്മമാരെ കടിച്ച നായ്ക്ക് പേവിഷബാധ

ശാസ്താംകോട്ട: പള്ളിശ്ശേരിക്കലിൽ രണ്ടു വയോധികരെയും വളർത്തുമൃഗങ്ങളെയും കടിച്ച നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പേവിഷബാധയുടെ ലക്ഷണം പ്രകടിപ്പിക്കുകയും പിന്നീട് ചാകുകയും ചെയ്തതിനെ തുടർന്നാണ് ജഡം പോസ്റ്റ്മോർട്ടത്തിനയച്ചത്. 

ചൊവ്വാഴ്ച ഉച്ചയോടെ ലഭിച്ച ഫലത്തിൽ പേവിഷബാധ സ്ഥിരീകരിച്ചു. രണ്ട് വയോധികർക്കും നിരവധി വളർത്തുമൃഗങ്ങൾക്കും നായുടെ കടിയേറ്റതിനെ തുടര്‍ന്ന് പ്രദേശത്ത് കടുത്ത ആശങ്കയാണ്. 

ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. ഗീത, വെറ്ററിനറി സര്‍ജന്‍മാരായ ഡോ. ബൈജുഷ, സുജാത ജെഹി, ജെ.എച്ച്.ഐ സലീന, ഗ്രാമപഞ്ചായത്തംഗം നസീമ എന്നിവരുടെ നേതൃത്വത്തിൽ തേവള്ളിയിലെ വെറ്ററിനറി ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.

ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ വെസ്റ്റ് പാട്ടുപുരക്കുറ്റി ലക്ഷംവീട്ടില്‍ ഫാത്തിമാബിവി, പള്ളിശ്ശേരിക്കല്‍ കപ്ലെഴത്ത് കിഴക്കതില്‍ ഗോമതിയമ്മ എന്നിവരെയാണ് നായ് കടിച്ചത്. ഒരു ആടിനെയും തെരുവുനായ് ആക്രമിച്ചിരുന്നു. പിന്നീട്, തെരുവുനായ്  ചത്തതോടെയാണ് പ്രദേശവാസികളില്‍ ആശങ്ക ഉയര്‍ന്നത്. 

നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കടിയേറ്റവരെയും വളർത്തുമൃഗങ്ങളെയും ശക്തമായ നിരീക്ഷണത്തിലാക്കി. പ്രതിരോധ കുത്തിവെപ്പുകൾ നേരത്തേ തന്നെ എടുത്തിരുന്നു. പ്രദേശത്ത് ആരോഗ്യവകുപ്പ് - മൃഗസംക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും നിരീക്ഷണം നടത്തുന്നുണ്ട്.

പേവിഷ നിയന്ത്രണത്തിന് വിപുല പദ്ധതി

കൊല്ലം: ജില്ലയെ പേവിഷ മുക്തമാക്കാന്‍ ശക്തമായ നടപടികളുമായി മൃഗസംരക്ഷണ വകുപ്പ്. 82,000ത്തോളം വരുന്ന വളര്‍ത്തുനായ്ക്കള്‍ക്കും 28,000 ത്തോളം വരുന്ന പൂച്ചകള്‍ക്കും പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കി ലൈസന്‍സ് നല്‍കുന്ന സീറോ റാബിസ് കാമ്പയിന് ജില്ലയില്‍ തുടക്കമായി. നാലു ദിവസം നീളുന്ന മാസ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ക്ക് ഒരു ലക്ഷം ഡോസ് വാക്‌സിന്‍ സംഭരിച്ചു.

സര്‍ക്കാര്‍ മൃഗാശുപത്രികള്‍ കേന്ദ്രീകരിച്ചും വാര്‍ഡുതല കേന്ദ്രങ്ങളൊരുക്കിയുമാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുക. സെപ്റ്റംബര്‍ 20 മുതല്‍ പുനരാരംഭിക്കുന്ന എ.ബി.സി പദ്ധതിക്ക് 75 ലക്ഷം രൂപ ഗ്രാമപഞ്ചായത്തുകളും 50 ലക്ഷം രൂപയും ജില്ല പഞ്ചായത്തും വകയിരുത്തിയിട്ടുണ്ടെന്ന് ജില്ല മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പുനുക്കന്നൂര്‍, കല്ലുവാതുക്കല്‍, ആദിച്ചനല്ലൂര്‍, കുഴിമതിക്കാട്, ശാസ്താംകോട്ട, പത്തനാപുരം, പന്മന, ചിറക്കര, വെഞ്ചേമ്പ്, ചിതറ, കടയ്ക്കല്‍, തേവലപ്പുറം, കൊല്ലം വെറ്റ് ക്രോസ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളാണ് എ.ബി.സി കേന്ദ്രങ്ങള്‍.

Tags:    
News Summary - Dog biting housewives infected with rabies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.