representational image

പശുവിന് ചികിത്സ ലഭിച്ചില്ലെന്ന് പരാതി

ശാസ്താംകോട്ട: മൃഗസംരക്ഷണ വിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭിക്കാതെ കറവപ്പശു ചത്തതായി പരാതി. വേങ്ങ പൊട്ടക്കണ്ണന്‍മുക്ക് നെടിയത്ത് ഓമനക്കുട്ടന്‍റെ കറവപ്പശുവാണ് ശനിയാഴ്ച വൈകീട്ട് വൈദ്യസഹായത്തിന് മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ലഭിക്കാതെ ചത്തത്. ശനിയാഴ്ച ഉച്ചക്കുശേഷമാണ് തീറ്റയിലെ എന്തോ പ്രശ്‌നം മൂലം രണ്ടു പശുക്കള്‍ കുഴഞ്ഞുവീണത്. വീട്ടുകാര്‍ മൈനാഗപ്പള്ളി മൃഗാശുപത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ അവിടെ ഡോക്ടറില്ലാത്ത നിലയാണ്.

പിന്നീട് നാട്ടിലെ പല മൃഗാശുപത്രികളുമായും ഡോക്ടര്‍മാരുമായും ബന്ധപ്പെട്ടിട്ടും സഹായം ലഭിച്ചില്ല. ഒരു ഡോക്ടറെ കിട്ടിയപ്പോള്‍ വേറേ ബ്ലോക്കിലേതായതിനാല്‍ എത്താൻ കഴിയില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് പറയപ്പെടുന്നു. പഞ്ചായത്ത് അംഗം അനിത കൂടി ഇടപെട്ട് ഒടുവില്‍ തേവലക്കരനിന്ന് ഒരു ഡോക്ടറെത്തിയപ്പോള്‍ വൈകീട്ട് ഏഴായി. അപ്പോഴേക്കും കറവപ്പശുവിന്‍റെ ജീവന്‍ നഷ്ടമായി.

രണ്ടാമത്തെ പശുവിനെ മരുന്നിലൂടെ രക്ഷിച്ചെടുക്കാനായി. കുടുംബത്തിന്‍റെ വരുമാനമാര്‍ഗമായിരുന്ന പശുവിനെ നഷ്ടപ്പെട്ടത് വലിയ പ്രതിഷേധമായിട്ടുണ്ട്. സമാനമായ നിരവധി സംഭവങ്ങൾ ഇതേ മേഖലയിൽ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്‍ സഹായം ലഭിക്കാതെ പോകുന്നതിന് എന്ത് മറുപടിയാണ് വകുപ്പ് അധികൃതരുടേത് എന്ന് കര്‍ഷകര്‍ ചോദിക്കുന്നു. മൈനാഗപ്പള്ളിയില്‍ ഡോക്ടറില്ലാതായിട്ട് മാസങ്ങളായി.

അടിയന്തര ഘട്ടങ്ങളില്‍ ക്ഷീരകര്‍ഷകര്‍ നിസ്സഹായരായിപ്പോകുന്ന നിലയാണുള്ളത്. ജില്ല കേന്ദ്രത്തില്‍ അടിയന്തര നടപടിക്ക് ഡോക്ടറർമാരുടെ സംഘമുണ്ട് എന്ന് പറയുന്നുണ്ടങ്കിലും സമയത്ത് ഒരു സഹായവും ലഭിക്കാതെ കര്‍ഷകര്‍ നെട്ടോട്ടമോടേണ്ട അവസ്ഥയാണെന്നും ആക്ഷേപമുണ്ട്.

Tags:    
News Summary - Complaint that the cow did not get treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.