ശാസ്താംകോട്ട: കുന്നത്തൂർ പനന്തോപ്പിൽ മൂന്നംഗ സംഘം ഉത്സവ ഡ്യൂട്ടിക്കെത്തിയ പൊലീസിനെ ആക്രമിച്ച് പരിക്കേൽപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുന്നത്തൂർ സ്വദേശികളായ രാജേഷ് കുമാർ, അനീഷ് കുമാർ, ശ്യാംരാജ് എന്നിവരെയാണ് പിടികൂടിയത്.
അടൂർ കെ.എ.പി ബറ്റാലിയനിലെ പൊലീസുകാരൻ മൻഷാദിന്റെ പരാതിയിലാണ് ശാസ്താംകോട്ട പൊലീസ് കേസെടുത്തത്.കുന്നത്തൂർ മാനാമ്പുഴ തൃക്കണ്ണാപുരം മഹാദേവർ ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന്റെ ഭാഗമായി കെട്ടുരുപ്പടികൾ പനന്തോപ്പിൽനിന്ന് പോകവെ തിങ്കഴാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവം. പൊലീസ് നോക്കി നിൽക്കെ മദ്യപിച്ചെത്തിയ യുവാക്കൾ പരസ്പരം അടിപിടിയുണ്ടായി.
ഈ സമയം യുവാക്കളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച പൊലീസിനെ സംഘം വളഞ്ഞിട്ട് മർദിക്കുകയായിരുന്നുവത്രെ. അടൂർ കെ.എ.പി ബറ്റാലിയനിലെ മൻഷാദ്, ബൈജു എന്നിവർക്ക് പരിക്കേറ്റു. മൻഷാദിന്റെ കൈക്കാണ് സാരമായി പരിക്കേറ്റത്. പരിക്കേറ്റവർ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
ശാസ്താംകോട്ട സ്റ്റേഷനിലെ ശോഭിൻ എന്ന പൊലീസുകാരന്റെ കണ്ണട അടിച്ചുതകർത്തു. മറ്റ് പൊലീസുകാരെ നിലത്ത് ചവിട്ടി വീഴ്ത്തുകയും യൂനിഫോം വലിച്ചുകീറുകയും നെയിം ബാഡ്ജ് നശിപ്പിക്കുകയും ചെയ്തു. ശാസ്താംകോട്ട എസ്.ഐ ഷാനവാസിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിൽ എടുത്തതോടെയാണ് സംഘർഷത്തിന് അയവ് വന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.