പുനലൂർ: ട്രാൻസ്ജെൻഡേഴ്സും പൊലീസുമായി പുനലൂർ താലൂക്കാശുപത്രി വളപ്പിലും വാക്കേറ്റം. കൊട്ടാരക്കര റൂറൽ എസ്.പി ഓഫിസിലേക്ക് കഴിഞ്ഞദിവസം നടത്തിയ മാർച്ചിൽ സംഘർഷത്തിലേർപ്പെട്ടവരെ വൈദ്യപരിശോധനക്കായി താലൂക്കാശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു കാണാനെത്തിയ സഹപ്രവർത്തകരും പൊലീസുമായി പ്രശ്നം ഉണ്ടായത്.
കൊട്ടാരക്കരയിൽ കുപ്പിയേറിനെ തുടർന്നുള്ള സംഘർഷത്തിൽപെട്ട പതിനഞ്ചോളം പേരെ അറസ്റ്റ് ചെയ്ത് കുന്നിക്കോട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഇവിടെനിന്ന് വ്യാഴാഴ്ച രാത്രി 11 ഓടെയാണ് വൈദ്യപരിശോധനക്ക് പുനലൂരിൽ എത്തിച്ചത്. ഇതറിഞ്ഞ് പത്തോളം ട്രാൻസ്ജെൻഡേഴ്സ് ആശുപത്രിയിൽ എത്തി. ഇവരുടെ ഭാരവാഹികളും എത്തിയതോടെ ഇവരെ പൊലീസ് ഔട്ട് പോസ്റ്റ് ക്യാമ്പിന് മുന്നിൽ പൊലീസ് തടഞ്ഞു. രണ്ടുമണിക്കൂറോളം ഇവർ ഇവിടെ ചെലവഴിച്ചിട്ടാണ് തിരികെ പോയത്. സംഘർഷം അയഞ്ഞതോടെ കുറേ പേരെ നിയന്ത്രണവിധേയമായി ആശുപത്രിയിലേക്ക് കയറ്റി വിട്ടു.
സംഭവം അറിഞ്ഞ് വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. സംഘടനക്കാരെ ആശുപത്രിയിലേക്ക് കടത്തിവിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘർഷസാധ്യത കണക്കിലെടുത്ത് പൊലീസ് വിട്ടില്ല. തുടർന്ന് പുനലൂർ എസ്.എച്ച്.ഒ രാജേഷ് കുമാറുമായി ഏറെ നേരം ട്രാൻസ്ജെൻഡേഴ്സ് വാക്കുതർക്കത്തിൽ ഏർപ്പെട്ടെങ്കിലും പൊലീസ് നിലപാട് കടുപ്പിക്കുമെന്നായതോടെ ഇവർ പിരിഞ്ഞുപോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.