ഈര്‍ക്കിലിയിൽ രൂപകൽപന ചെയ്ത കമുകുംചേരി ക്ഷേത്രവും സുരേഷും

സുരേഷിന്‍റെ ഈർക്കിൽ ശിൽപങ്ങൾ

ഈർക്കിലുകള്‍ കൊണ്ട് മനോഹരമായ ശിൽപങ്ങൾ ഒരുക്കുകയാണ് കമുകുംചേരി സ്വദേശിയായ സുരേഷ്. തന്‍റെ ആരാധനാമൂർത്തിയായ കമുകുംചേരി തിരുവിളങ്ങോനപ്പന്‍ ഭഗവാന്‍റെ മനോഹരമായ ക്ഷേത്ര സമുച്ചയം ഈർക്കിൽ പുനാരാവിഷ്ക്കരിച്ചിരിക്കുകയാണ് കമുകുംചേരി ചരുവിള പുത്തൻ വീട്ടിൽ കെ സുരേഷ്. ഏകദേശം ഒരു മാസം കൊണ്ട് പതിനായിരത്തോളം ഈർക്കിലുകൾ കൊണ്ടാണ് സുരേഷ് തന്‍റെ സ്വപ്ന സൃഷ്ടി യാഥാർഥ്യമാക്കിയത്.

പുതിയ ചൂലുകള്‍ വാങ്ങി അതിലെ ഈർക്കിലുകൾ ശുചീകരിച്ച് എടുക്കുകയും വീടിന്‍റെ പരിസരത്ത് നിന്നുള്ള ഓലകൾ ചീകി എടുത്തുമാണ് സുരേഷ് ശിൽപത്തിന് വേണ്ടിയുള്ള ഈർക്കിലുകൾ ശേഖരിച്ചത്. ക്ഷേത്രത്തിന്‍റെ ചുറ്റമ്പലം ഒഴികെയുള്ള എല്ലാ ഭാഗങ്ങളും സുരേഷിന്‍റെ സൃഷ്ടിയിലുണ്ട്. പ്രധാന ദേവാലയവും ഉപ ദേവാലയങ്ങളും ക്ഷേത്രത്തിനു മുന്നിൽ വിളക്കുകളും മണ്ഡപവും എല്ലാം മനോഹരമായി ഒരുക്കിയിട്ടുണ്ട്. കോവിഡ് കാലം കഴിഞ്ഞ് കമുകുംചേരി ക്ഷേത്രത്തിന് തന്നെ ശിൽപം സമര്‍പ്പിക്കുമെന്ന് സുരേഷ് പറയുന്നു.


കാർഡ് ബോർഡിൽ നിര്‍മ്മിച്ച ഘടനയിലേക്ക് പശ ഉപയോഗിച്ച് ഈർക്കിലുകൾ ഒട്ടിക്കുകയായിരുന്നു. തുച്ഛമായ തുക ഉപയോഗിച്ചാണ് അതിമനോഹരമായ ശിൽപം യാഥാർഥ്യമാക്കിയത്. ഭാര്യ ആതിര പൂർണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ആലോബ് ഏകമകനാണ്.

തടിമുറിപ്പ് തൊഴിലാളിയായ സുരേഷിന് ലോക് ഡൗൺ കാലത്ത് ഉരുത്തിരിഞ്ഞ ആശയമാണ് ഈർക്കില്‍ കൊണ്ടുള്ള ക്ഷേത്ര സമുച്ചയത്തിലേക്ക് എത്തിച്ചത്. കൂടുതൽ ശിൽപങ്ങൾ ഈർക്കില്‍ കൊണ്ട് നിർമ്മിക്കണമെന്നാണ് ഈ ചെറുപ്പക്കാരന്‍റെ ആഗ്രഹം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.