പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൗകര്യവികസന ചര്‍ച്ചക്കുശേഷം രോഗികളോട് വിവരങ്ങൾ ആരായുന്ന കലക്ടർ അഫ്സാന പർവീൺ
കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനം. സേവനങ്ങള്‍ കൂടുതല്‍ രോഗീസൗഹൃദമാക്കും. ജി.എസ്. ജയലാല്‍ എം.എല്‍.എയുടെയും കലക്ടര്‍ അഫ്സാന പര്‍വീണിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന ആശുപത്രി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ജനറല്‍ബോഡി യോഗത്തിലാണ് ഈ തീരുമാനം.
സി.ടി സ്‌കാന്‍ സൗകര്യം 24 മണിക്കൂറും ലഭ്യമാക്കും. ന്യൂറോളജി, നെഫ്രോളജി തുടങ്ങിയ വിഭാഗങ്ങള്‍ക്കായുള്ള സാധ്യതയും പരിശോധിക്കും. എച്ച്.ഡി.എസ് ഫാര്‍മസിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഒഴിവുള്ള നഴ്‌സ്, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്കുള്ള നിയമനനടപടികള്‍ പൂര്‍ത്തിയായി. ബയോമെട്രിക് പഞ്ചിങ് സംവിധാനവും ഏര്‍പ്പെടുത്തും.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മാതൃകയില്‍ ജനുവരിമുതല്‍ സന്ദർശക പാസ് ഏർപ്പെടുത്തും. കാര്‍ഡിയോതൊറാസിക് വിഭാഗത്തിലെ ഓപ്പറേഷന്‍ തിയറ്ററിന്റെ നിര്‍മാണ പ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. ആശുപത്രിക്ക് ചുറ്റും വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും തുടരുന്നു.
ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ ബ്ലോക്ക്, ട്രോമാ കെയര്‍ ബ്ലോക്ക്, ഇന്‍ഫെക്ഷ്യസ് ഡിസീസ് ബ്ലോക്ക് എന്നിവയുടെ നിര്‍മണ നടപടികള്‍ തുടങ്ങി. ആശുപത്രിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി മോണിറ്ററിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിമാസയോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു.
കുടിവെള്ള, ശുചിത്വ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തി. പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് ജെ. മോറിസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. എ.എച്ച്. ഗോപകുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.