കുളത്തൂപ്പുഴ: ആഴ്ചകൾ നീണ്ട അസ്വസ്ഥതകൾക്ക് പിന്നാലെ മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനകൾക്കൊടുവിൽ കുളത്തൂപ്പുഴ ചന്ദനക്കാവ് സ്വദേശിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ് രംഗത്ത്.
കഴിഞ്ഞ ദിവസമാണ് ചന്ദനക്കാവ് ഷീല വിലാസത്തിൽ ചന്ദ്രിക (66)യെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പിന്റെ കർശന നിർദേശത്തെ തുടർന്ന് ചന്ദനക്കാവ് പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.
പ്രദേശത്തെ മുഴുവൻ കിണറുകളും കുടിവെള്ള സ്ത്രോതസ്സുകളും ക്ലോറിനേഷൻ നടത്താനും തിളപ്പിച്ചാറിയ ശുദ്ധജലം മാത്രമേ കുടിക്കാനായി ഉപയോഗിക്കാവൂ എന്നും രോഗബാധയെ സംബന്ധിച്ച മുന്നറിയിപ്പും ആരോഗ്യ പ്രവർത്തകർ പ്രദേശത്ത് നൽകുന്നുണ്ട്.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സി.ആർ. അരുൺകുമാർ, ബ്ലോക്ക് എപ്പിഡമോളജിസ്റ്റ് ബി. സൽമ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് വി. മോനിഷ എന്നിവർ നേതൃത്വം നൽകി.
അതേസമയം, മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെയും ആരോഗ്യ ബോധവത്കരണത്തിന്റെയും അഭാവമാണ് ഇത്തരം രോഗങ്ങൾ പടരുന്നതിന് ഇടയാക്കുന്നതെന്നും പനി ബാധിതരുടെയും മറ്റും എണ്ണം ദിനംപ്രതി ഏറിയിട്ടും വേണ്ടതായ മുൻകരുതലുകൾ സ്വീകരിക്കാൻ അരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്തും ഇനിയും തയാറായിട്ടില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.